അബൂദബിയിൽ വീടിന് തീപിടിച്ച് ഇമാറാത്തി കുടുംബത്തിലെ എട്ടുപേർ മരിച്ചു
text_fieldsഅബൂദബി: അബൂദബി ബനിയാസിൽ വീടിന് തീപിടിച്ച് ഇമാറാത്തി കുടുംബത്തിലെ എട്ടുപേർ മരിച്ചു. ആറ് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വീട്ടമ്മ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ചൊവ്വാഴ്ച പുലർച്ചെ ഗൃഹനാഥൻ സമീപത്തെ പള്ളിയിലേക്ക് നമസ്കരിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. വീടിെൻറ താഴെ നിലയിൽനിന്നാണ് തീ പടർന്നത്.
ഗൃഹനാഥൻ തിരിച്ചെത്തിയപ്പോൾ മുകൾനിലയിൽ പുക കാണുകയും ആർത്തനാദം കേൾക്കുകയും ചെയ്തു. കൂടെ നമസ്കരിച്ച് മടങ്ങിയ സുഡാനി സുഹൃത്തുമൊത്ത് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണക്കാൻ ഗൃഹനാഥൻ ശ്രമിച്ചെങ്കിലും രക്ഷാപ്രവർത്തനം വിജയിച്ചില്ല. പലരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കരുതുന്നു. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. മരിച്ചവരെ ചൊവ്വാഴ്ച ഉച്ചക്ക് 3.30ഒാടെ ബനിയാസ് ഖബർസ്ഥാനിൽ ഖബറടക്കി.
തീയിൽനിന്ന് വീണ്ടും കുഞ്ഞുങ്ങളുടെ രോദനം
അബൂദബി: ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ വെന്തുമരിച്ചത് ആറ് കുഞ്ഞുങ്ങൾ. ജനുവരി 22ന് ഫുജൈറയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചതിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ അഗ്നി ദുരന്തമാണിത്. ഫുജൈറ റോൾ ദാദ്നയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചിനും 13നും ഇടയിൽ പ്രായമുള്ള നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് അന്ന് മരിച്ചത്. ഇവരിൽ രണ്ടുപേർ ഇരട്ടകളായിരുന്നു. ഫെബ്രുവരിയിൽ ഷാർജയിലെ അൽ ബുതീന പ്രദേശത്തെ അപാർട്മെൻറിലുണ്ടായ തീപിടിത്തത്തിൽ മാതാവും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ചുപേരും മരിച്ചിരുന്നു.
ഫുജൈറയിലെ ദുരന്തത്തെ തുടർന്ന് വീടുകളിൽ തീപിടിത്തം തടയാനും സുരക്ഷ ഉറപ്പ് വരുത്താനും കർശനമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്. കൂടാതെ രാജ്യവ്യാപകമായി ബോധവത്കരണ കാമ്പയിനും ആരംഭിച്ചിരുന്നു. അഞ്ച് വർഷത്തിനകം വീടുകൾ സിവിൽ ഡിഫൻസ് സെൻട്രൽ ഒാപറേഷൻ റൂമുമായി ബന്ധിപ്പിക്കുമെന്ന് മാർച്ചിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
