അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയേറി
text_fieldsഅബൂദബി: അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ ബുധനാഴ്ച തുടക്കമായി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിദ്യാർഥികളടക്കം അനേകം പേരാണ് ഉദ്ഘാടന ദിവസം പുസ്തകമേള സന്ദർശിച്ചത്.
ഇന്ത്യയിൽനിന്നുള്ള 15 സ്ഥാപനങ്ങൾ ഉൾപ്പെടെ 800ഒാളം പ്രസാധകരാണ് പ്രദർശനത്തിന് എത്തിയിട്ടുള്ളത്. 30ഓളം ഭാഷകളിലായി 500ൽ അധികം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾ മേളയിൽ ലഭിക്കും. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ 35000 ചതുരശ്ര മീറ്ററിലായാണ് പുസ്തകമേള ഒരുക്കിയിരിക്കുന്നത്. അതിഥി രാജ്യമായ ചൈനയുടെ പവലിയൻ വലിപ്പം കൊണ്ടും സജ്ജീകരണം കൊണ്ടും ആകർഷകമാണ്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രചിച്ച ‘റിഫ്ലക്ഷൻസ് ഒാഫ് ഹാപ്പിനസ് ആൻഡ് പോസിറ്റീവ് ആറ്റിറ്റ്യൂഡ്’ പുസ്തകത്തിെൻറ കൂറ്റൻ പുറംചട്ട പുസ്തകമേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിന് മുന്നിൽ നിന്ന് ഫോേട്ടായെടുക്കുന്നത്.

അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയുടെ നേതൃത്വത്തിൽ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പുസ്തകോത്സവം മെയ് രണ്ട് വരെയുണ്ടാകും. സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് മേള. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെയായിരിക്കും. പ്രവേശനം സൗജന്യമാണ്.
ഇലക്ട്രോണിക് പ്രസിദ്ധീകരണങ്ങളും ഡിജിറ്റൽ പുസ്തകങ്ങളും മേളയുടെ സവിശേഷതയാണ്. 800ഓളം സെമിനാറുകളും ശിൽപശാലകളും മേളയുടെ ഭാഗമായി നടക്കും. ചലച്ചിത്ര പ്രദർശനം, തത്സമയ പാചകമേള, കുട്ടികൾക്കായി സർഗാത്മക പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
