അബൂദബി മുസഫയിൽ ജനുവരി 12 മുതൽ പാർക്കിങ് ഫീ ഈടാക്കും
text_fieldsഅബൂദബി: എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഇന്‍ഡസ്ട്രിയല്‍ മേഖലകളിലൊന്നായ മുസഫയിലെ പൊതു പാര്‍ക്കിങ്ങിന് ഇനി പണം നല്‍കണം. ജനുവരി 12 മുതല്‍ ഇവിടെ പെയ്ഡ് പാര്‍ക്കിങ്ങിന്‍റെ ആദ്യഘട്ടം നിലവില്‍ വരുമെന്ന് ക്യു മൊബിലിറ്റി വ്യക്തമാക്കി. പ്രദേശത്തെ തിരക്ക് നിയന്ത്രിക്കാനും ഗതാഗതം സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് പെയ്ഡ് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത്.
വൈവിധ്യമാർന്ന സാമ്പത്തിക പ്രവർത്തനങ്ങളും ജീവനക്കാരുടെയും സന്ദർശകരുടെയും ദൈനംദിന ഒഴുക്കും കാരണം ഉയർന്ന ഗതാഗത സാന്ദ്രതയുള്ള സ്ഥലമാണ് മുസഫ. പൊതു പാർക്കിങ്ങിനുള്ള ആവശ്യം മേഖലയിൽ വർധിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമാണ് മുസഫയിലേത്. എം1, എം2, എം3, എം4, എം24 എന്നിവിടങ്ങളിലായി 4680 പെയ്ഡ് പാര്‍ക്കിങ് ഇടങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പദ്ധതി റോഡ് സുരക്ഷ വർധിപ്പിക്കുകയും അലക്ഷ്യമായ പാർക്കിങ് കുറക്കുകയും ചെയ്യും.
നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പെടുന്നവര്‍ക്കായി പ്രത്യേക ഇടങ്ങള്‍ ഇവിടങ്ങളില്‍ നീക്കിവെച്ചിട്ടുണ്ട്. ദര്‍ബ്, താം ആപ്ലിക്കേഷനുകള്‍, എസ്.എം.എസ്, ഓണ്‍സൈറ്റ് പേമെന്റ് മെഷീനുകള്‍ എന്നിവ മുഖേന പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. മണിക്കൂറിന് 2 ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ് അടയ്‌ക്കേണ്ടത്. 2025 നവംബറില്‍ അല്‍ ശഹാമയില്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നിരുന്നു. ന്യൂ, ഓള്‍ അല്‍ ശഹാമയില്‍ 3704 പാര്‍ക്കിങ് ഇടങ്ങളാണ് ഇതിനായി ഒരുക്കിയിരുന്നത്. ഇവിടെയും മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

