പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബൂദബി
text_fieldsഅബൂദബി: പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബൂദബി. അല്‍ ഐന്‍ പടിഞ്ഞാറൻ മേഖല ഉള്‍പ്പെടെയുള്ള മേഖലകളില്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെയും എംബാമിങ് സര്‍ട്ടിഫിക്കറ്റിന്റെയും നിരക്കുകളാണ് ഡിപ്പാർട്മെന്റ് ഓഫ് ഹെല്‍ത്ത് എടുത്തുകളഞ്ഞതെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ അറിയിച്ചു. അബൂദബി സർക്കാർ നടപടി പ്രവാസികൾക്ക് ഏറെ ആശ്വാസമേകുന്നതാണ്. മരണ സര്‍ട്ടിഫിക്കറ്റിന് 103 ദിര്‍ഹവും ആംബുലന്‍സ്, കഫിന് ബോക്സ് ഉള്‍പ്പെടെ എംബാമിങ് സര്‍ട്ടിഫിക്കറ്റിന് 1106 ദിര്‍ഹവുമാണ് ഈടാക്കിയിരുന്നത്. ഇത് പൂർണമായും ഒഴിവാക്കി.
സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കി. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാരായ പ്രവാസികള്‍ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. അബൂദബി എമിറേറ്റിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം. നിലവില്‍ മറ്റുള്ള എമിറേറ്റിലെ നടപടി ക്രമങ്ങള്‍ അതേപടി തുടരും.
അതേസമയം, അബൂദബി എമിറേറ്റ് മരണാനന്തര ചെലവുകള്‍ സൗജന്യമാക്കിയെങ്കിലും മൃതദേഹങ്ങള്‍ അതത് നാട്ടിലേക്കെത്തിക്കുന്ന നിരക്കുകളില്‍ ഒരു മാറ്റവുമുണ്ടാവില്ല എന്നത് പ്രതിസന്ധി തുടരുന്നതിന് കാരണമാവും. എയര്‍പോര്‍ട്ട് ഹാന്ഡ്ലിങ് ചാര്‍ജ്, കാര്‍ഗോ ഫീസ് തുടങ്ങിയ ഇനങ്ങളില്‍ വന്‍തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സര്‍ക്കാറും എയര്‍ലൈന്‍സുകളുമായി ചര്‍ച്ച ചെയ്ത് കാര്‍ഗോ - എയര്‍ലൈന്‍സ് ഫീസുകളില്‍ ഇളവ് വരുത്തിയാല്‍ പ്രവാസികള്‍ക്ക് ഉറ്റവരുടെയും ഉടയവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഏറെ ആശ്വാസകരമാവുമെന്ന് അബൂദബിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
അബൂദബിയില്‍നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് മൃതദേഹങ്ങള്‍ അയക്കുന്നതിന് ഓരോ എയര്‍ലൈന്‍ കമ്പനികളും വ്യത്യസ്തമായ നിരക്കുകളാണ് ഈടാക്കുന്നത്. ഒപ്പം എയര്‍പോര്‍ട്ട് ഹാന്ഡ്ലിങ് ചാര്‍ജ് ഇനത്തില്‍ മാത്രം 500 മുതല്‍ 1000 വരെ കെട്ടിവെക്കേണ്ടി വരുന്നുണ്ട്.
എയര്‍ ഇന്ത്യ - 3000, ഇന്‍ഡിഗോ - 2500, എയര്‍ അറേബ്യ 2400, ഇത്തിഹാദ് 3500 വരെ എന്നിങ്ങനെയാണ് നിരക്കുകള്‍. എയര്‍പോര്‍ട്ട് ഹാന്ഡ്ലിങ് ചാര്‍ജിന് പുറമെ ഏജന്‍സികള്‍ക്കു ഫീസും കൂടി നല്‍കിയാലേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ. ഒപ്പം കൂടെ യാത്ര ചെയ്യുന്നയാള്‍ക്കും അതത് സീസണിലെ ടിക്കറ്റ് നിരക്ക് തന്നെ നല്‍കേണ്ടിയും വരുന്നു. അബൂദബി എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സുകള്‍ തുടങ്ങിയ സംവിധാനങ്ങളുമായി കൂടിയാലോചിച്ച് പ്രവാസികള്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് സാധിച്ചാല്‍ വന്‍ തുകയുടെ കുറവാണ് മരണാനന്തര ചെലവുകളില്‍ ഉണ്ടാവുക. സര്‍ക്കാറും ഇന്ത്യന്‍ എംബസിയും ക്രിയാത്മകമായി ഇടപെട്ടാല്‍ വളരെ കുറഞ്ഞ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കും.
പാകിസ്താനിലേക്ക് മൃതദേഹം അയക്കാന്‍ 738 ദിര്‍ഹമേ അബൂദബി എയര്‍പോര്‍ട്ട് ഹാന്ഡ്ലിങ് ചാര്‍ജായി ഈടാക്കുന്നുള്ളൂ. ഒപ്പം മരിച്ചയാളുടെ കൂടെ യാത്ര ചെയ്യുന്ന ആള്‍ക്ക് ഒരു മാസത്തെ വാലിഡിറ്റിയോടെ 490 ദിര്‍ഹമിന് റിട്ടേണ്‍ ടിക്കറ്റ് അടക്കം ലഭിക്കും. മറ്റ് രാജ്യക്കാര്‍ക്കും ഇത്തരത്തില്‍ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഈ സാഹചര്യത്തിലും ഇന്ത്യക്കാര്‍ വന്‍തുക ചെലവഴിക്കേണ്ട ഗതികേടിലാണുള്ളത്.
ആശ്വാസകരം -ഇന്‍കാസ് അബൂദബി
മരണ സര്‍ട്ടിഫിക്കറ്റിനും എംബാമിങ് സര്‍ട്ടിഫിക്കറ്റിനും ഏര്‍പ്പെടുത്തിയിരുന്ന ഫീസ് എടുത്തു കളഞ്ഞ അബൂദബി സര്‍ക്കാര്‍ തീരുമാനം പ്രവാസികളെ സംബന്ധിച്ച് വളരെ ആശ്വാസകരമാണെന്ന് ഇന്‍കാസ് അബൂദബി പ്രസിഡന്റ് എ.എം. അന്‍സാര്‍ അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യക്കാരല്ലെങ്കില് പോലും, പ്രവാസികളെ ചേര്‍ത്തു പിടിക്കുന്ന ഈ രാജ്യത്തെ ഭരണാധികാരികളുടെ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. ഈ മാതൃക പിന്തുടര്ന്ന് കേന്ദ്ര സര്‍ക്കാറും ഇന്ത്യന്‍ എംബസിയും, മൃതദേഹം കൊണ്ടുപോകാനുള്ള കാര്‍ഗോ, എയര്‍ ടിക്കറ്റ് നിരക്കുകളില്‍ കാര്യമായ കുറവു വരുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇക്കാര്യം ഇന്ത്യന്‍ അധികാരികളിലെത്തിക്കാന്‍ ഇന്‍കാസ് അബൂദബി ശ്രമിക്കും.
കാര്‍ഗോ എയര്‍ലൈന്‍സ് ഫീസുകള്‍ എടുത്തുകളയുക - കേരള സോഷ്യല്‍ സെന്റര്‍
അബൂദബി: അല്‍ ഐന്‍ പടിഞ്ഞാറൻ മേഖല ഉള്‍പ്പെടെ അബൂദബിയില്‍ മരണ സര്‍ട്ടിഫിക്കറ്റിനും എംബാമിങ് സര്‍ട്ടിഫിക്കറ്റിനും വേണ്ട ഫീസ് ഡിപ്പാർട്മെന്റ് ഓഫ് ഹെല്‍ത്ത് ഒഴിവാക്കിയ സാഹചര്യത്തില്‍ കാര്‍ഗോ എയര്‍ലൈന്‍സ് ഫീസുകള്‍ എടുത്തുകളയാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്ന് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസിയും, കേന്ദ്ര സര്‍ക്കാറും ഇടപെട്ട് കാര്‍ഗോ, എയര്‍ലൈന്‍സ് ഫീസുകളും എടുത്തു കളഞ്ഞാല്‍ പ്രവാസികള്‍ക്ക് ഉറ്റവരുടെയും ഉടയവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ഏറെ സഹായകരമാകും. ഈ വിഷയത്തില്‍ എംബസിയും, കേന്ദ്ര സർക്കാറും എത്രയും വേഗം ഇടപെടണമെന്ന് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടിയും ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

