സ്മാര്‍ട്ട് സിറ്റി സൂചികയിൽ അബൂദബിക്ക് മുന്നേറ്റം
text_fieldsഅബൂദബി: ഐ.എം.ഡി സ്മാര്‍ട്ട് സിറ്റി സൂചികയില്‍ ആദ്യ 20 നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് അബൂദബി. ഡിജിറ്റല്‍ പരിവര്‍ത്തനം, സര്‍ക്കാര്‍ കാര്യക്ഷമത, നവീന നഗര മാനേജ്മെന്റ് എന്നിവയില്‍ മികവ് പുലര്‍ത്തി ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന അബൂദബിയുടെ പ്രവര്‍ത്തനങ്ങളുടെ മികവ് തെളിയിക്കുന്നതാണ് നേട്ടം. സുസ്ഥിര നഗര വികസനവും ആഗോള തലത്തിലെ മികച്ച രീതികളും ഉയര്‍ത്തിക്കാട്ടുന്നതിനായി ഐക്യരാഷ്ട്ര സഭ രൂപകൽപന ചെയ്ത ഒക്ടോബര്‍ 31 ലോക നഗരദിനത്തോടനുബന്ധിച്ചാണ് അബൂദബിയുടെ നേട്ടമെന്നതും ശ്രദ്ധേയമായി.
‘മനുഷ്യ കേന്ദ്രീകൃത സ്മാര്‍ട്ട് നഗരങ്ങള്‍’ എന്നതാണ് ഇത്തവണത്തെ ലോക നഗര ദിനത്തിന്റെ പ്രമേയം. സാങ്കേതിക വിദ്യ ജനങ്ങളെ സേവിക്കുകയും ക്ഷേമം വര്‍ധിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണെന്നതാണ് പ്രമേയത്തില്‍ എടുത്തുകാട്ടുന്നത്. സ്മാര്‍ട്ടും സുസ്ഥിരവും ജനകേന്ദ്രീകൃതവുമായ നഗരം കെട്ടിപ്പടുക്കുന്നതില്‍ അബൂദബിയുടെ വിജയമാണ് ആഗോള നഗര സൂചികയിലെ എമിറേറ്റിന്റെ നേട്ടം പ്രതിഫലിപ്പിക്കുന്നത്.
അബൂദബിയിൽ ശുചീകരണത്തിന് ഉപയോഗിക്കുന്ന സ്മാർട് വാഹനം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ 2025ലെ നംബിയോ പട്ടികയിലും അബൂദബി മുന്‍നിര സ്ഥാനം നേടുകയുണ്ടായി. തുടര്‍ച്ചയായ ഏഴാം തവണയാണ് അബൂദബിയില്‍ പട്ടികയില്‍ മുന്നിലെത്തുന്നത്. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിങ്സും(ഐ.ഒ.ടി)സ്വീകരിച്ച് പൊതു കേന്ദ്രങ്ങളും പാര്‍ക്കുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും കൈകാര്യം ചെയ്യുന്ന മേഖലയിലെ ആദ്യ നഗരം കൂടിയാണ് അബൂദബി. പാര്‍ക്കുകള്‍ നിരീക്ഷിക്കാനും വായു നിലവാരം വിലയിരുത്താനും നിയമലംഘനങ്ങള്‍ കണ്ടെത്താനുമായി നൂതന സെന്‍സറുകളോടു കൂടി എ.ഐ റോബോട്ടുകളെ അബൂദബി സിറ്റി മുനിസിപ്പാലിറ്റി നേരത്തേ നിയോഗിക്കുകയുണ്ടായി.
പൂര്‍ണമായും പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന മസ്ദര്‍ സിറ്റി, യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ് എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രിത പൊതുഗതാഗത വാഹനങ്ങള്‍, സര്‍ക്കാര്‍-പൊതു സേവനങ്ങള്‍ അതിവേഗവും ലളിതമായും ലഭ്യമാക്കുന്ന താം പ്ലാറ്റ്ഫോം, റോഡുകള്‍ നിരീക്ഷിച്ച് ഗതാഗതം സുഗമമാക്കുന്ന എ.ഐ അധിഷ്ഠിത ഗതാഗത മാനേജ്മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ അബൂദബിയെ സവിശേഷമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

