അബൂദബിയില്‍ 33 പുതിയ പാര്‍ക്കുകള്‍കൂടി തുറന്നു
text_fieldsഅബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പുതുതായി തുറന്ന പാര്‍ക്ക്
അബൂദബി: മുസഫ മേഖലയിലെ ജനങ്ങള്‍ കൂടുതലായി താമസിക്കുന്ന മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 33 പുതിയ പാര്‍ക്കുകള്‍ തുറന്ന് അബൂദബി നഗര-ഗതാഗത വകുപ്പ്. അബൂദബി നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിനോദ ഇടങ്ങളോടുകൂടിയ പുതിയ പാര്‍ക്കുകള്‍ തുറന്നിരിക്കുന്നത്. പിക്നിക് മേഖലകള്‍, കുട്ടികളുടെ കളിയിടങ്ങള്‍, തണലിന് കീഴെയുള്ള ഇരിപ്പിടങ്ങള്‍, ഫിറ്റ്നസ് സോണുകള്‍, ജോഗിങ് ട്രാക്കുകള്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാണ്. കായിക പ്രേമികൾക്കായി ബാസ്കറ്റ്ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചയദാര്‍ഢ്യ ജനതക്കായി പ്രത്യേക സൗകര്യവും പാര്ക്കിലേര്പ്പെടുത്തിയിട്ടുണ്ട്.
1200 ദിര്‍ഹം ചെലവഴിച്ചു നിര്‍മിക്കുന്ന സമൂഹ വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. 2025ഓടെ 277 പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതില്‍ 180ഉം അബൂദബിയിലാണ്. അല്‍ഐനില്‍ 80ഉം അല്‍ ദഫ്റയില് 17ഉം പാര്‍ക്കുകളാണ് പുതുതായി വരുന്നത്. കാല്‍നട പാതകള്‍, സൈക്ലിങ് പാതകള്‍, സൗന്ദര്യവത്കരണ ജോലികള്‍, കായികയിടങ്ങള്, ക്ലിനിക്കുകള്‍, പള്ളികള്‍, പാര്‍ക്കുകള്‍, പച്ചപ്പുകള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭാ അധികൃതര്‍ അബൂദബിയിലെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ക്കുകളില്‍ പ്രാര്‍ഥന സൗകര്യം ഒരുക്കിയിരുന്നു.
അബൂദബി കോര്‍ണിഷ് ഹെറിറ്റേജ് പാര്‍ക്ക്, അല്‍ ബതീന്‍ പാര്‍ക്ക്, അല്‍സാദ സ്ട്രീറ്റ് അല്‍ സഫറാന, ടൂറിസ്റ്റ് ക്ലബ് ഏരിയ അല്‍ ബരീദ് പാര്‍ക്ക്, ഖലീജ് അല്‍ അറബ് സ്ട്രീറ്റ് ഓഫിസേഴ്സ് ക്ലബ് പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ സജി പാര്‍ക്ക്, അല്‍ മൊണ്ടാസ ഗാര്‍ഡന്‍സ് നമ്പര്‍ 1,2,4,5 തുടങ്ങിയ ഇടങ്ങളിലാണ് പ്രാര്‍ഥന സൗകര്യമുള്ളത്.
ലോകോത്തര നിലവാരത്തിന് അനുസൃതമായ ജീവിതസാഹചര്യമൊരുക്കുകയും ആരോഗ്യജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി അബൂദബിയില്‍ നേരത്തേതന്നെ നിരവധി വിനോദ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. 46 പോക്കറ്റ് പാര്‍ക്കുകള്‍, 94 കളിയിടങ്ങള്‍ മുതലായവ ജനങ്ങള്‍ക്കായി ഒരുക്കി നല്‍കിയിട്ടുണ്ട്. എമിറേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം, റോഡ് സുരക്ഷ, താമസക്കാര്‍ക്കായി വിനോദ സൗകര്യങ്ങള്‍ തുടങ്ങി നിരവധി പ്രധാന പദ്ധതികളാണ് നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

