ലോകത്തെ ആദ്യ ജനിതക ശസ്ത്രക്രിയ കേന്ദ്രം നിർമിക്കാൻ അബൂദബി
text_fieldsയു.എസ് സന്ദര്‍ശിക്കുന്ന അബൂദബി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ യു.സി.എസ്.എഫ്, ഇന്നൊവേറ്റിവ് ജനോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രതിനിധികൾക്കൊപ്പം
അബൂദബി: ലോകത്ത് ആദ്യമായി ജനിതക ശസ്ത്രക്രിയക്കുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് യൂനിവേഴ്സ്റ്റി ഓഫ് കാലിഫോര്‍ണിയ സാന്‍സ് ഫ്രാന്‍സിസ്കോ (യു.സി.എസ്.എഫ്), ഇന്നൊവേറ്റിവ് ജനോമിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സുപ്രധാന സഹകരണം പ്രഖ്യാപിച്ച് അബൂദബി ആരോഗ്യ വകുപ്പ്.അബൂദബിയിലും കാലിഫോര്‍ണിയയിലുമായാണ് ജനിത ശസ്ത്രക്രിയകള്‍ക്കായി കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. അബൂദബിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യു.എസ് സന്ദര്‍ശനവേളയിലാണ് സുപ്രധാനമായ പ്രഖ്യാപനമുണ്ടായത്. ജിനോമിക് മെഡിസിനിലും ജനിതക ചികിത്സകളിലും അബൂദബിക്ക് മുന്‍നിര സ്ഥാനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം.
സങ്കീര്‍ണമായ ജനിത വൈകല്യങ്ങള്‍ പ്രാരംഭത്തിലേ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്യുക, ചികിത്സാഫലം മെച്ചപ്പെടുത്തുക തുടങ്ങിയവയിലാണ് ഈ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നത്. എട്ട് ലക്ഷത്തിലധികം ജനിത സാമ്പിളുകള്‍ ക്രമീകരിച്ച് ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ദേശീയ ജീനോമിക് ഡാറ്റാബേസുകളിലൊന്നായ മാറ്റിയ എമിറാത്തി ജിനോ പ്രോഗ്രാം ആണ് ഈ നീക്കത്തിന് നേതൃത്വം നല്‍കുന്നത്. വിവാഹ പൂര്‍വ പരിശോധനയുമായി ജനിതക പരിശോധന സംയോജിപ്പിക്കുക, നവജാത ശിശുക്കളുടെ ജനിത പരിശോധനാ പദ്ധതി ആരംഭിക്കുക, ഇമാറാത്തി റഫറന്‍സ് ജീനോം പ്ലാറ്റ്ഫോം വികസിപ്പിക്കുക തുടങ്ങിയവയും മറ്റ് ലക്ഷ്യങ്ങളാണ്. ജീനോമിക്സ്, ജനിതക കൗണ്‍സലിങ് എന്നിവയില്‍ നൂറിലേറെ ഇമാറാത്തി ഡോക്ടര്‍മാരാണ് നൂതന പരിശീലനം നേടിയിട്ടുള്ളത്. സഹകരണം തെളിയിക്കുന്നത് നൂതന ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കുള്ള അബൂദബിയുടെ ശക്തമായ പ്രതിബദ്ധതയാണെന്ന് അബൂദബി ആരോഗ്യവകുപ്പിലെ അണ്ടര്‍ സെക്രട്ടറി ഡോ. നൂറ ഖാമിസ് അല്‍ ഗൈഥി പറഞ്ഞു. സങ്കീര്‍ണമായ ജനിതക വൈകല്യങ്ങളുള്ള രോഗികളുടെ ജീവന് രക്ഷിക്കുന്ന ചികിത്സകള്‍ വികസിപ്പിക്കാനുള്ള ദൗത്യത്തിലാണ് തങ്ങളെന്ന് യു.സി.എസ്.എഫ് സ്റ്റെം സെല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ടിപ്പി മക്കന്‍സീ വ്യക്തമാക്കി. ഇമാറാത്തി പൗരന്മാര്ക്ക് വിവാഹത്തിനു മുന്നോടിയായുള്ള ജനിതക പരിശോധന നിര്‍ബന്ധമാക്കി യു.എ.ഇ ആരോഗ്യമന്ത്രാലയം 2025 ജനുവരിയില്‍ ഉത്തരവിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

