Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാര്‍ഥികളെ ഉപദ്രവിച്ച അധ്യാപകന് രണ്ടു വര്‍ഷം തടവും നാടുകടത്തലും

text_fields
bookmark_border
വിദ്യാര്‍ഥികളെ ഉപദ്രവിച്ച അധ്യാപകന് രണ്ടു വര്‍ഷം തടവും നാടുകടത്തലും
cancel

അബൂദബി: നാലു വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍വെച്ച് ക്രൂരമായി മര്‍ദിച്ച സ്വകാര്യ സ്‌കൂൾ അധ്യാപകന് അബൂദബി ക്രിമിനല്‍ കോടതി രണ്ടുവര്‍ഷം തടവും നാടുകടത്തലും വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതിച്ചെലവുകള്‍ മുഴുവന്‍ പ്രതി തന്നെ വഹിക്കാനും വിധിന്യായത്തില്‍ ഉത്തരവിട്ടിട്ടുണ്ട്. അബൂദബിയിലെ സ്വകാര്യ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയില്‍ വെച്ചുണ്ടായ മര്‍ദനത്തില്‍ പരിക്കേറ്റ നാല് വിദ്യാര്‍ഥികള്‍ക്ക് 20 ദിവസത്തോളം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

അന്വേഷണ വേളയിലും കോടതിയിലും കുറ്റം ഏറ്റുപറഞ്ഞ അധ്യാപകന്‍റെ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ക്ലാസിനിടെ കുട്ടികള്‍ ബഹളമുണ്ടാക്കുന്നതും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കാനും അച്ചടക്കം പഠിപ്പിക്കാനുമാണ് ഉപദ്രവിച്ചതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍, സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിയുടെ കുറ്റസമ്മതത്തെ സാധൂകരിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ന്യായീകരണവുമില്ലാതെ വിദ്യാര്‍ഥികള്‍ക്കുനേരെ അതിക്രൂരവും കഠിനവുമായ അക്രമമാണ് അധ്യാപകന്‍ അഴിച്ചുവിട്ടതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌കൂളിലും അധ്യയന സമയത്തും നടന്ന ഇത്തരം അതിക്രമങ്ങള്‍ വ്യക്തിസുരക്ഷയെ ചോദ്യം ചെയ്യുന്നതും ക്രമസമാധാന ലംഘനവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊതു ക്രമസമാധാന സംരക്ഷണം സമൂഹത്തിന്‍റെ മൗലിക മൂല്യങ്ങള്‍ സംരക്ഷിക്കാനും ആളുകളുടെ സുരക്ഷ ഉറപ്പാക്കാനും നിയമത്തോടുള്ള ആദരവ് നിലനിര്‍ത്താനുമുള്ളതാണ്​. കേസില്‍ ഇത് നേരിട്ട് ബാധകമാണെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്. പൊതുസുരക്ഷ സംരക്ഷിക്കുന്നതിനും വ്യക്തിഗത അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ആളുകളെ ഉപദ്രവിക്കുന്നത്​ തടയുന്നതിനും കര്‍ശന നിയമനടപടികള്‍ അനിവാര്യമാണെന്നും അബൂദബി ക്രിമിനല്‍ കോടതി കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Teacher Jailed for Two Years and Ordered Deported for Assaulting Students
Next Story