വീണ്ടും അബൂദബി ടി -10
text_fieldsട്വന്‍റി -20 ക്രിക്കറ്റിന്‍റെ ആവേശം പത്തോവറിലേക്ക് പകരുന്ന അബൂദബി ടി- 10 ഇക്കുറിയുമെത്തും. ഈ വർഷം നവംബർ 28 മുതൽ ഡിസംബർ ഒമ്പത് വരെ ടൂർണമെന്‍റ് നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. ആറ് വർഷമായി തുടരുന്ന ടൂർണമെന്‍റിന്‍റെ ആവേശം തന്നെയാണ് ഏഴാം സീസണുമായി എത്താൻ സംഘാടകർക്ക് പ്രചോദനം പകരുന്നത്.
ഡക്കാൻ ഗ്ലാഡിയേറ്റേഴ്സാണ് നിലവിലെ ചാമ്പ്യൻമാർ. അബൂദബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്‍റിൽ തുടർച്ചയായ രണ്ടാം തവണയാണ് ഗ്ലാഡിയേറ്റേഴ്സ് കിരീടം ചൂടുന്നത്. ക്രിക്കറ്റിന്‍റെ ഏറ്റവും അതിവേഗ ഫോർമാറ്റുകളിലൊന്നാണിത്. അബൂദബി സ്പോർട്സ് കൗൺസിൽ, സാംസ്കാരിക വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതൽ സൂപ്പർ താരങ്ങൾ ഇക്കുറി കളത്തിലിറങ്ങുമെന്ന് അബൂദബി ക്രിക്കറ്റ് ആൻഡ് സ്പോർട്സ് ഹബ് സി.ഇ.ഒ മാറ്റ് ബൗച്ചർ പറയുന്നു. അബൂദബിയെ അന്താരാഷ്ട്ര കായിക മേഖലയുടെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ലീഗ് ചെയർമാൻ ഷജിയുൽ മുൽഖും വ്യക്തമാക്കി കഴിഞ്ഞു.
വെടിക്കെട്ടുകളുടെ പൂരപ്പറമ്പായ ടി-10 ക്രിക്കറ്റ് വിനോദങ്ങളുടെ കേന്ദ്രം കൂടിയാണ്. 10 ഓവറിൽ 150 റൺസടിച്ചാലും രക്ഷയില്ലാത്ത അവസ്ഥ. ഇക്കുറി രണ്ട് ടീമുകൾ കൂടി പുതിയതായി എത്തുന്നുണ്ട്. യു.എസ്.എയിൽ നിന്നുള്ള ഫ്രാഞ്ചൈസികളാണ് ഇക്കുറി പുതിയ ടീമിനെ ഇറക്കുന്നത്. കഴിഞ്ഞ സീസണുകളിലും വൻ താര നിര അണിനിരന്നിരുന്നു. വെസ്റ്റിൻഡീസന്‍റെ നിക്കോളാസ് പുരാനാണ് റൺ വേട്ടയിൽ മുമ്പിൽ നിൽക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡ്വൈന്‍റ പ്രെട്ടോറിയസാണ് വിക്കറ്റ് വേട്ടക്കാരൻ. ബംഗ്ലാ ടൈഗേഴ്സ്, ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സ്, ഡൽഹി ബുൾസ്, നോർത്തോൺ വാരിയേഴ്സ്, ചെന്നൈ ബ്രേവ്സ്, ടീം അബൂദബി, ന്യൂയോർക്ക് സ്ട്രൈക്കേഴ്സ്, സാംപ് ആർമി എന്നീ ടീമുകളാണ് കഴിഞ്ഞ തവണ കളത്തിലിറങ്ങിയത്. ഇയോൻ മോർഗൻ, വനിന്ദു ഹസരംഗ, ഡ്വൈയ്ൻ ബ്രാവോ, നിക്കോളാസ് പുരാൻ, ഹെയ്റ്റ്മെയർ, കീറോൺ പൊള്ളാർഡ്, മൊഈൻ അലി, ആന്ദ്രേ റസൽ, ശാഖിബ് ഹസൻ, ഹർഭജൻ സിങ്, ബെൻ കട്ടിങ്, ചിരാഗ് സുരി, ബ്രാത്ത്വെയ്റ്റ്, സ്റ്റുവർട്ട് ബിന്നി, ക്രിസ് ലിൻ തുടങ്ങിയ വമ്പൻമാർ കളത്തിലിറങ്ങുന്നുണ്ട്.