വായുമലിനീകരണത്തിനെതിരെ നടപടി ശക്തം
text_fieldsഅബൂദബി: വായുമലിനീകരണത്തിനെതിരെ കർശന നടപടിയെടുത്ത് അബൂദബി പരിസ്ഥിതി ഏജൻസി. നിയമലംഘനം കണ്ടെത്തിയ രണ്ട് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിസ്ഥിതി ഏജന്‍സി റദ്ദാക്കി. മറ്റൊരു സ്ഥാപനത്തിന് പിഴ ചുമത്തി.
തുടര്‍ പരിശോധനകളുടെയും വായു ഗുണനിലവാര നിരീക്ഷണ നിലയങ്ങളില്‍നിന്നുള്ള റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം. അബൂദബിയിലെ പരിസ്ഥിതി മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാണോ വ്യവസായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്ന് ഏജന്‍സിക്ക് കീഴിലുള്ള എന്വയണ്മെന്റല് ക്വാളിറ്റി സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഫൈസല്‍ അല്‍ ഹമ്മാദി വ്യക്തമാക്കി. അപകടകരമായ വസ്തുക്കള്‍ പുറന്തള്ളുന്നതിന്റെ അളവ് കുറക്കാനോ അവ തടയാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയതടക്കമുള്ള നിരവധി ലംഘനങ്ങള്‍ കണ്ടെത്തിയതിനാലാണ് രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്.
പിഴയോ നിയമനടപടികളോ നേരിടുന്നത് ഒഴിവാക്കാന്‍ എല്ലാ സ്ഥാപനങ്ങളും പരിസ്ഥിതി നിയമങ്ങള്‍ പാലിക്കണമെന്നും അല്‍ ഹമ്മാദി ആവശ്യപ്പെട്ടു. വായുനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് അബൂദബി പരിസ്ഥിതി ഏജന്‍സി 2023ൽ രൂപം നൽകിയിരുന്നു.
മലിനീകരണം കൂടിയ മേഖലകള്‍ കണ്ടെത്തുന്നതിനും കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പരിസ്ഥിതി ആഘാതങ്ങള്‍ തടയുന്നതുമാണ് പദ്ധതി. അബൂദബിയില്‍ ശുദ്ധമായ വായു ലഭ്യമാക്കുന്നതിനും വായു മലിനീകരണം കുറക്കുന്നതിനുമായാണ് വായുനിലവാര സംവിധാനം അബൂദബി പരിസ്ഥിതി ഏജന്‍സി വികസിപ്പിച്ചത്. 22 വായു നിരീക്ഷണ സംവിധാനങ്ങളാണ് അബൂദബിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 20 എണ്ണം സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നതും രണ്ട് എണ്ണം സഞ്ചരിക്കുന്നതുമാണ്.
വായു എത്രമാത്രം ആരോഗ്യപരവും അനാരോഗ്യപരവും ആണെന്ന് പരിശോധിക്കുന്നതിനായി 14 തരം മലിനീകരണങ്ങളെയാണ് എയര്‍ മോണിറ്ററുകള്‍ കണ്ടെത്തുക. വന്യജീവി, പ്രകൃതിദത്ത ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് അബൂദബി പരിസ്ഥിതി ഏജന്‍സി പുതിയ നയം നേരത്തേ കൊണ്ടുവന്നിരുന്നു. അല്‍ സാദിയാത്ത് മറൈന്‍ നാഷനല്‍ പാര്‍ക്ക്, മാന്‍ഗ്രോവ് മറൈന്‍ നാഷനല്‍ പാര്‍ക്ക് എന്നിവയാണ് സംരക്ഷിത മേഖലാ നയത്തില്‍ ഉള്‍പ്പെടുത്തിയത്.
അല്‍ ദഫ്റയിലെ ഹൂബറ സംരക്ഷിത മേഖലയും അല്‍ യാസത് മറീന സംരക്ഷിത മേഖലയിലെ പവിഴപ്പുറ്റുകളും ഈ നയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഈ മേഖലക്ക് സമീപമുള്ള പ്രദേശങ്ങളിലെ പദ്ധതികളും മറ്റും തുടങ്ങണമെങ്കില്‍ പാരിസ്ഥിതികാഘാത പഠനം നടത്തുകയും പുതിയ നയപ്രകാരം പരിസ്ഥിതി ഏജന്‍സിയില്‍നിന്ന് ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യണം.
ശൈഖ് സായിദ് സംരക്ഷിത മേഖലാ ശൃംഖലയുടെ ഭാഗമായ പ്രകൃതി കേന്ദ്രങ്ങളെ പിന്തുണക്കുന്നതിനും എമിറേറ്റിന്റെ സാംസ്കാരിക, പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനുമാണ് ഇത്തരമൊരു നയരൂപീകരണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നായി 15ലധികം ഏജന്‍സികളാണ് നയരൂപീകരണത്തിലേക്ക് സംഭാവനകള്‍ നല്‍കിയത്. പ്രകൃതിസംരക്ഷണ ദൗത്യത്തിന്റെ ഭാഗമായി അബൂദബി എമിറേറ്റ്സ് പരിസ്ഥിതി അവാര്‍ഡിനും തുടക്കംകുറിച്ചിരുന്നു. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് പരിസ്ഥിതി പുരസ്കാരമെന്നാണ് അവാര്‍ഡിന്റെ പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

