അബൂദബിയിൽ സമ്മർ സെയിൽ ജൂൺ 30 വരെ
text_fieldsഅബൂദബി: എമിറേറ്റിലെ 11 ഷോപ്പിങ് മാളുകളിലായി 90 ശതമാനം വരെ ഡിസ്കൗണ്ടുമായി ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ സെയിൽ. ലുലു ഗ്രൂപ് ഇന്റർനാഷനലിന്റെ റീട്ടെയിൽ വിഭാഗമായ ലൈൻ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപ്പർട്ടിയാണ് (എൽ.ഐ.പി) ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന സമ്മർ സെയിലിന് തുടക്കം കുറിച്ചത്. അബൂദബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിലെ അൽ വഹ്ദ മാൾ, മുശ്രിഫ് മാൾ, ഖാലിദിയ മാൾ, അൽ റാഹ മാൾ, മസ്യാദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫല സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിങ് സെന്റർ, ഗോൾ സെന്റർ, ബരാരി ഔട്ട്ലെറ്റ് മാൾ, അൽ ഫോ മാൾ, അൽ ദഫ്റ മാൾ എന്നീ 11 ഷോപ്പിങ് മാളുകളാണ് കാമ്പയിനിൽ പങ്കെടുക്കുന്നതെന്ന് എൽ.ഐ.പിയുടെ ഡയറക്ടർ വാജിബ് അൾ ഖൗരിയും ജനറൽ മാനേജർ (അബൂദബി, അൽഐൻ) ബിജു ജോർജും അറിയിച്ചു.
200 ദിർഹമോ അതിൽ കൂടുതലോ തുകക്ക് മാളിലെ ഏതെങ്കിലും സ്റ്റോറിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. നറുക്കെടുപ്പിനുള്ള രസീത് കസ്റ്റമർ സർവിസ് ഡെസ്കിൽ നൽകിയാൽ മതിയാകും. വിവിധ സ്റ്റോറുകളിൽനിന്ന് പർച്ചേസ് ചെയ്ത് 200 ദിർഹം ആയാലും നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടാവുന്നതാണ്. യാത്ര പാക്കേജുകൾ, ഗോൾഡ് വൗച്ചറുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് നറുക്കെടുപ്പിലെ ജേതാവിനെ കാത്തിരിക്കുന്നത്. ജൂൺ 9, 16, 23 എന്നിങ്ങനെ ആഴ്ചയിലൊന്നു വീതം ദിവസമാണ് നറുക്കെടുപ്പ്. ജൂൺ 20ന് നടക്കുന്ന നറുക്കെടുപ്പിലെ മൂന്ന് ജേതാക്കൾക്ക് പുത്തൻ കാറുകളും സമ്മാനമായി ലഭിക്കും. കെനിയ, ബോസ്നിയ, ശ്രീലങ്ക, ജോർജിയ, ബാലി, ഫുക്കറ്റ്, ബാങ്കോക്, അമ്മാൻ, കൈറോ, അൽമാറ്റി, ബാകു, അസർബൈജാൻ എന്നിങ്ങനെ വിവിധ കേന്ദ്രങ്ങളിലേക്കാണ് സൗജന്യ യാത്രക്ക് അവസരം ലഭിക്കുക.

