സമുദ്ര പൈതൃകം വിളിച്ചോതി പായ്ക്കപ്പലോട്ട മല്‍സരം
text_fieldsയു.എ.ഇയുടെ സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമായുള്ള അരില 60 അടി പായ്ക്കപ്പലോട്ട മല്‍സരം ജനുവരി 25ന് അബൂദബിയില്‍ അരങ്ങേറും. അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷകര്‍തൃത്വത്തില്‍ അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
അറബ് ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം പേറുന്ന പായ്ക്കപ്പലുകളുടെ മല്‍സരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുപോരുന്നത്. അതിനാല്‍ തന്നെ അത്യന്തം വാശിയേറിയ പോരാട്ടമാവും അരങ്ങേറുക. 28 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് മല്‍സരം. 90 പായ്ക്കപ്പലുകളാണ് മല്‍സരത്തിനിറങ്ങുന്നത്. ഓരോ പായ്ക്കപ്പലിലും വിദഗ്ധരായ 20 പേരുണ്ടാകും. ഖലീഫ തുറമുഖത്ത് നിന്നാരംഭിച്ച് അബൂദബി കോര്‍ണിഷിലാണ് മല്‍സരം സമാപിക്കുക.
ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനമായി കാറുകളാണ് നല്‍കുന്നത്. യു.എ.ഇയുടെ സമുദ്ര സംസ്കാരം നിര്‍വചിക്കുന്ന മല്‍സരത്തില്‍ പായ്ക്കപ്പല്‍ ഉടമകള്‍, ക്യാപ്റ്റന്മാര്, നാവികര്‍ എന്നിവരുടെ ഒത്തൊരുമ പ്രകടമാവും. സമുദ്രപൈതൃകം സംരക്ഷിക്കുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ് മല്‍സരം. ഇത് ദേശീയ അഭിമാനവും സ്വത്വബോധവും വളര്‍ത്തിയെടുക്കുകയും വരുംതലമുറയ്ക്ക് സമുദ്ര പാരമ്പര്യങ്ങളും കഴിവുകളും കൈമാറുന്നതിനുള്ള വേദിയായി പ്രവര്‍ത്തിക്കുകയും ചെയ്യും.
അബു അല്‍ അബ് യദ് പായ്ക്കപ്പലോട്ട മല്‍സരം കഴിഞ്ഞ ഒക്ടോബറിൽ നടന്നിരുന്നു. അബു അബ് യദില്‍ നിന്ന് അബൂദബി വരെയാണ് മല്‍സരം ഒരുക്കിയത്. 60 അടി നീളമുള്ള പായ്ക്കപ്പലുകളാണ് മല്‍സരത്തിനിറങ്ങിയത്. നൂറിലേറെ പായ്ക്കപ്പലുകള്‍ മാറ്റുരച്ച മത്സരത്തിൽ 40 ലക്ഷത്തിലേറെ ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനമായി കൈമാറിയത്.
ജലകേളികളില്‍ കമ്പമുള്ളവരെ ആവേശത്തിലാറാടിക്കാന്‍ കഴിഞ്ഞ വർഷം അബൂദബി സെയില്‍ ഗ്രാന്‍ഡ് പ്രീ അരങ്ങേറിയിരുന്നു. ലോകത്തുടനീളമുള്ള രാജ്യങ്ങളുടെ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് പ്രമുഖ കായിക താരങ്ങളാണ് ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന എഫ് 50 ബോട്ടുകളാണ് അബൂദബി സെയില്‍ ഗ്രാന്‍ഡ് പ്രീമല്സരത്തിന് ഉപയോഗിച്ചത്. ആസ്ത്രേലിയ, കാനഡ, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്, ന്യൂസിലാന്‍ഡ്, സ്പെയിന്, സ്വിറ്റ്സര്‍ലന്റ്, യു.എസ് എന്നീ രാജ്യങ്ങളില്‍
നിന്നായി 10 ടീമുകള്‍ അബൂദബി തുറമുഖത്തോട് ചേര്‍ന്ന തീരത്ത് മല്‍സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

