ആരോഗ്യ രംഗത്ത് അബൂദബിക്ക് അംഗീകാരം; ജനീവയില്‍ നടന്ന വേള്‍ഡ് ഹോസ്പിറ്റല്‍ കോണ്‍ഗ്രസിലാണ് അംഗീകാരം
text_fieldsഅബൂദബി: ആരോഗ്യ മേഖലയില്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അബൂദബിക്ക് അംഗീകാരം. ജനീവയില്‍ നടന്ന വേള്‍ഡ് ഹോസ്പിറ്റല്‍ കോണ്‍ഗ്രസില്‍, 2025ലെ ഇന്റര്‍നാഷനല്‍ ഹോസ്പിറ്റല്‍ ഫെഡറേഷന് (ഐ.എച്ച്.എഫ്.) പുരസ്കാരങ്ങളിലാണ് അബൂദബിയുടെ ആരോഗ്യമേഖലയ്ക്ക് അംഗീകാരം ലഭിച്ചത്.
ആഗോളതലത്തില്‍ പ്രമുഖ ആരോഗ്യപരിക്ഷ കേന്ദ്രമെന്ന നിലയിലും ഉയര്‍ന്ന നിലവാരമുള്ള പരിചരണം നല്‍കുന്നതിലും സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിലും അബൂദബിയുടെ സ്ഥാനം ഇതോടെ കൂടുതല്‍ ഉറപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സുസ്ഥിരവും കാലാവസ്ഥയെ അതിജീവിക്കുന്നതുമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമങ്ങൾക്ക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് അബൂദബിക്ക് ലോ-കാര്‍ബണ്‍ ഹെല്ത്ത്കെയറിനുള്ള ആശികാഗ നിക്കന് എക്സലന്‍സ് അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ഉണ്ട്.
അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് (എസ്.എസ്.എം.സി.) ഐ.എച്ച്.എഫ്. അവാര്‍ഡുകളില്‍ രണ്ട് വിഭാഗങ്ങളില്‍ അംഗീകാരം ലഭിച്ചു. രോഗികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ക്ലിനിക്കല്‍ ഫലങ്ങള്‍ കൃത്യമാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങള്‍, ആരോഗ്യരംഗത്തെ നൂതനമായ സംരംഭങ്ങള്‍ തുടങ്ങിയവ നടപ്പാക്കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഡോ. പ്രതാപ് സി റെഡ്ഡി എക്സലന്‍സ് അവാര്‍ഡ് ഫോര്‍ ക്ലിനിക്കല്‍ ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റിയില്‍ എസ്.എസ്.എം.സിക്ക് പ്രത്യേക പരാമര്‍ശമുണ്ട്. ഐ.എച്ച്.എഫിന്റെ ഏറ്റവും വലിയ ബഹുമതിയായ ഡോ. ക്വാങ് ടേ കിം ഗ്രാന്‍ഡ് ഹോസ്പിറ്റല്‍ അവാര്‍ഡിന് കീഴില്‍ എസ്.എസ്.എം.സിക്കും ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് അബൂദബിക്കും സുസ്ഥിര മികവിനുള്ള പ്രത്യേക അംഗീകാരം ലഭിച്ചു. ഗുണമേന്മ, രോഗിയുടെ അനുഭവം, ക്ലിനിക്കല്‍ ഫലങ്ങള്‍, ചിലവ് കുറഞ്ഞ പ്രവര്‍ത്തനം, തൊഴിലാളികളുടെ ക്ഷേമം എന്നിവയുള്‍പ്പെടെ പരിചരണത്തിന്റെ വിവിധ തലങ്ങളില്‍ മികച്ച മികവ് പ്രകടിപ്പിക്കുന്ന ആശുപത്രികളെയും ആരോഗ്യ സേവന ദാതാക്കളെയും ഈ അംഗീകാരങ്ങള്‍ ഊര്‍ജമാവുകയാണ്.
സമൂഹത്തിന് ഉയര്‍ന്ന നിലവാരമുള്ള പരിചരണം നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരങ്ങള്‍ എന്ന് എസ്.എസ്.എം.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മര്വാന് അല്‍ കാബി പറഞ്ഞു. ഈ നേട്ടം ഞങ്ങളുടെ മുഴുവന്‍ ടീമിന്റെയും കൂട്ടായ വൈദഗ്ദ്ധ്യം, അര്‍പ്പണബോധം, അഭിനിവേശം എന്നിവയെ പ്രതിഫലിപ്പിക്കുന്നു. എല്ലാവരും നൂതനവും വ്യക്തിഗതവുമായ പരിചരണത്തിലൂടെ രോഗികളെ ഒന്നാമതെത്തിക്കാനും ലക്ഷ്യബോധമുള്ള കണ്ടുപിടിത്തങ്ങള്‍ നടത്താനും എല്ലാ ദിവസവും പരിശ്രമിക്കുന്നു.
എസ്.എസ്.എം.സി.യില്‍, ആരോഗ്യപരിപാലനം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ നിലവാരങ്ങള്‍ കവിയുന്നതിനും വേണ്ടി നിരന്തരം മുന്നോട്ട് പോകാനും വൈദ്യശാസ്ത്രപരമായ മികവ് വര്‍ദ്ധിപ്പിക്കാനും ഞങ്ങള്‍ ഞങ്ങളുടെ ആളുകളെ പ്രാപ്തരാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള ആശുപത്രികളിലെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെയും മികവിനെ ആദരിക്കുന്നതിനായി 2015ല്‍ ആരംഭിച്ച വാര്‍ഷിക ഐ.എച്ച്.എഫ്. അവാര്‍ഡുകളുടെ ഭാഗമായാണ് അംഗീകാരങ്ങള്‍ സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

