അബൂദബി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പ്; വര്‍ഷാദ്യ പാദം 11700 കോടി ദിര്‍ഹമിന്റെ ഇടപാടുകള്‍
text_fieldsഅബൂദബി: അബൂദബിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ റെക്കോര്‍ഡ് കുതിപ്പ്. 2026ന്റെ ആദ്യ പകുതിയില്‍ (ജനുവരി - ജൂണ്‍) എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 11,700 കോടി ദിര്‍ഹമിലെത്തിയതായി അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ (എ.ഡി.ആര്‍.ഇ.സി.) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇടപാടുകളുടെ മൂല്യത്തില്‍ 112 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം ഇടപാടുകളുടെ എണ്ണത്തില്‍ 61.7 ശതമാനം വര്‍ധനവുമുണ്ട്.
ആദ്യ ആറുമാസത്തെ ആകെ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ വില്‍പ്പന ഇടപാടുകളാണ് മുന്നില്‍ നില്‍ക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിൽപന മൂല്യം 163.7 ശതമാനം വര്‍ധിച്ച് 8610 കോടി ദിര്‍ഹമിലെത്തി. 16838 ഇടപാടുകളിലൂടെയാണ് ഈ നേട്ടം. പണയ ഇടപാടുകള്‍ 33.5 ശതമാനം വളര്‍ച്ചയോടെ 2670 കോടി ദിര്‍ഹമിലെത്തി, (8876 ഇടപാടുകള്‍). ദീര്‍ഘകാല ഭൂമി വികസന കരാര്‍, ദീര്‍ഘകാല ലീസ് ഇടപാടുകള്‍ എന്നിവ വഴി 400 കോടി ദിര്‍ഹമും സമ്മാനമായി നല്‍കിയ ഇടപാടുകള്‍ വഴി 31.15 കോടി ദിര്‍ഹമും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിദേശത്തുനിന്നുള്ള നേരിട്ടുള്ള നിക്ഷേപത്തിലും (എഫ്.ഡി.ഐ.) ചരിത്രപരമായ വളര്‍ച്ചയാണ് ഉണ്ടായത്. മുന്‍വര്‍ഷത്തെ ആദ്യ പകുതിയെ അപേക്ഷിച്ച് 309 ശതമാനം വര്‍ധനവോടെ 1380 കോടി ദിര്‍ഹമിന്റെ വിദേശ നിക്ഷേപമാണ് ഇക്കാലയളവില്‍ അബൂദബിയിലെത്തിയത്. കഴിഞ്ഞവര്‍ഷം മുഴുവന്‍ ലഭിച്ച ആകെ വിദേശ നിക്ഷേപത്തേക്കാള്‍ കൂടുതലാണിത്. അബൂദബി റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തിയ പ്രവാസി വിദേശികളുടെ ദേശീയതകളുടെ എണ്ണം 82ല്‍ നിന്ന് 116 ആയി ഉയര്‍ന്നു. യു.കെ, ചൈന, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിദേശ നിക്ഷേപകരില്‍ മുന്നിൽ. എല്ലാ വിദേശികള്‍ക്കും ഉടമസ്ഥാവകാശമുള്ള അബൂദബിയിലെ ഇന്‍വെസ്റ്റ്മെന്റ് സോണുകള്‍ മാത്രം 7500 കോടി ദിര്‍ഹമിന്റെ നിക്ഷേപം ആകര്‍ഷിച്ചു. കഴിഞ്ഞ വര്‍ഷമിത് 2670 കോടി ദിര്‍ഹമായിരുന്നു.
വിപണിയിലെ സുസ്ഥിര വളര്‍ച്ച മുന്‍നിര്‍ത്തി എമിറേറ്റില്‍ എട്ട് പുതിയ ഇന്‍വെസ്റ്റ്മെന്റ് സോണുകള്‍ കൂടി അനുവദിച്ചതോടെ ആകെ നിക്ഷേപ മേഖലകളുടെ എണ്ണം 50 ആയി ഉയര്‍ന്നു. ആദ്യ പകുതിയില്‍ 28 പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തു. മേഖലയിലെ പ്രഫഷനല്‍ ലൈസന്‍സുകളുടെ എണ്ണത്തില്‍ 34 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായതോടെ 2040 പുതിയ ലൈസന്‍സുകള്‍ അനുവദിച്ചു. ഇതോടെ എമിറേറ്റിലെ ലൈസന്‍സുള്ള റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ എണ്ണം 3302 ആയി. മദ്മൂന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ഇതുവരെ 41200ല്‍ അധികം റിയല്‍ എസ്റ്റേറ്റ് പരസ്യ പെര്‍മിറ്റുകള്‍ നല്‍കിയതായും ഇത് മേഖലയിലെ സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിച്ചതായും അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ റാശിദ് അല്‍ ഉമൈറ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

