സര്‍വകാല റെക്കോഡിൽ അബൂദബി റിയല്‍ എസ്റ്റേറ്റ് മേഖല
text_fieldsഅബൂദബി: അബൂദബിയിലെ റിയല്‍ എസ്റ്റേറ്റ് മേഖല സര്‍വകാല റെക്കോഡിലേക്ക്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ലഭിച്ച ആകെ വരുമാനത്തെ മറികടന്ന് ഈ വര്‍ഷം ആഗസ്റ്റ് പകുതിയോടെ അബൂദബിയിലെ പാര്‍പ്പിട, വസ്തു വിൽപന 8630 കോടി ദിര്‍ഹമിലെത്തി. 2025ല്‍ ആകെ 8320 കോടി ദിര്‍ഹമിന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നിരുന്നത്. അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്‍റര്‍ പുറത്തുവിട്ട കണക്കുകളിലാണ് അബൂദബിയുടെ നിര്‍ണായക നേട്ടം വ്യക്തമാക്കിയിട്ടുള്ളത്.
ഈ വര്‍ഷം ഒന്നാം പാദത്തില്‍ മാത്രം 3819.4 കോടി ദിര്‍ഹമിന്‍റെ വിൽപനയാണ് രേഖപ്പെടുത്തിയത്. ഒന്നാം പാദത്തില്‍ 86 ശതമാനവും രണ്ടാം പാദത്തില്‍ 50 ശതമാനവും വളര്‍ച്ചയാണ് മേഖല സ്വന്തമാക്കിയത്. ആഗസ്റ്റ് പകുതി വരെ 31,000 ഇടപാടുകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മുഴുവനായി ഇത് 41,000 ആയിരുന്നു.
മേഖലയിലെ സംഘര്‍ഷാന്തരീക്ഷം ഉടലെടുക്കുന്നതിന് മുമ്പുള്ള മാസങ്ങളിലാണ് വളര്‍ച്ചയുടെ ഭൂരിഭാഗവുമുണ്ടായത്. ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ അബൂദബിയിലെ പ്രമുഖ ഡെവലപര്‍മാരായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് അല്‍ദാറിന്‍റെ ലോഞ്ച് വിൽപനയില്‍ 43 ശതമാനം കുറവുണ്ടായെങ്കിലും ഒന്നാം പകുതിയിലെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചു.
വിദേശ നിക്ഷേപകരുടെ വന്‍ ഒഴുക്കാണ് അബൂദബിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയെ സജീവമാക്കുന്നത്. 2025ല്‍ 82 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു നിക്ഷേപകർ. എന്നാല്‍, ഈ വര്‍ഷം ആദ്യ പകുതിയില്‍ 116 രാജ്യക്കാര്‍ അബൂദബിയില്‍ വസ്തുക്കള്‍ വാങ്ങി. ചൈന, റഷ്യ, യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണ് വാങ്ങലുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.
യാസ് ഐലന്‍ഡില്‍ ലാസ് വേഗസിന് പുറത്തുള്ള ലോകത്തിലെ ആദ്യ ‘സ്ഫിയര്‍ എന്‍റര്‍ടൈന്‍മെന്‍റ്’ വേദി, പുതിയ ഡിസ്‌നി തീം പാര്‍ക്ക് നിര്‍മാണം, ഡിസംബറില്‍ തുറക്കാനിരിക്കുന്ന ഗുഗ്ഗന്‍ഹൈം അബൂദബി മ്യൂസിയം തുടങ്ങിയ വന്‍കിട വികസന പദ്ധതികളും വിപണിയിലെ തരംഗത്തിന് ആക്കം കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

