അബൂദബി റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കുതിപ്പ്; അപ്പാര്‍ട്‌മെന്റ് വിലയില്‍ 21 ശതമാനം വരെ വര്‍ധന
text_fieldsസാദിയാത്ത് ഐലന്‍ഡ്
അബൂദബി: എമിറേറ്റില്‍ വിറ്റഴിക്കുന്ന അപാര്‍ട്‌മെന്റ് യൂനിറ്റുകളുടെ വിലയില്‍ കുതിപ്പ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യാസ് ഐലന്‍ഡ്, അല്‍ റീം ഐലന്‍ഡ് എന്നിവിടങ്ങളിലെ അപാര്‍ട്‌മെന്റുകളുടെ ശരാശരി വിലയില്‍ 18 ശതമാനം വര്‍ധനവുണ്ടായി. വാട്ടര്‍ഫ്രണ്ട് കമ്യൂണിറ്റികളില്‍ വലിയ രീതിയിലുള്ള വിലവര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ ‘നൈറ്റ് ഫ്രാങ്ക്’ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം അബൂദബിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ് തുടരുകയാണ്.
അബൂദബിയിലെ ഏറ്റവും വിലയേറിയ അപാര്‍ട്‌മെന്റ് വിപണി അല്‍ സാദിയാത്ത് ഐലന്‍ഡ് ആണ്. ഇവിടെ ചതുരശ്ര മീറ്ററിന് ശരാശരി 43,100 ദിര്‍ഹമാണ് നിരക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധന. വില്ലകളുടെ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വിലവര്‍ധന രേഖപ്പെടുത്തിയത് അല്‍ ജുബൈല്‍ ഐലന്‍ഡിലാണ് -ഏകദേശം 40 ശതമാനം. ചതുരശ്ര മീറ്ററിന് ശരാശരി 26500 ദിര്‍ഹം നിരക്കോടെ ഏറ്റവും വിലയേറിയ വില്ലാ മേഖലയായി സാദിയാത്ത് ഐലന്‍ഡ് മാറി.
2026 മുതല്‍ 2030 വരെയുള്ള കാലയളവില്‍ അബൂദബിയില്‍ നിര്‍മാണ ഘട്ടത്തിലുള്ളത് ഏകദേശം 36900 പുതിയ വീടുകളാണ്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും അപാര്‍ട്‌മെന്റുകളാണ്. നിര്‍മാണത്തിലുള്ള വീടുകളില്‍ വലിയ പങ്ക് യാസ് ഐലന്‍ഡിലാണ് -7700 യൂനിറ്റുകള്‍. ഫാഹിദ് ഐലന്‍ഡില്‍ 3550 യൂനിറ്റുകളും സാദിയാത്ത് ഐലന്‍ഡില്‍ 3250 യൂനിറ്റുകളും നിര്‍മാണ ഘട്ടത്തിലുണ്ട്. പുതിയ അപാര്‍ട്‌മെന്റ് വിതരണത്തില്‍ 70 ശതമാനവും 2026 - 2027 വര്‍ഷങ്ങളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. എങ്കിലും നിര്‍മാണ ചെലവിലുണ്ടായ വര്‍ധനവും ഷിപ്പിങ് ഇന്‍ഷുറന്‍സ് നിരക്കുകളിലെ ഉയര്‍ച്ചയും പദ്ധതി പൂര്‍ത്തീകരണത്തില്‍ താമസം വരുത്തുമെന്നാണ് വിലയിരുത്തല്‍.
പാര്‍പ്പിട മേഖലയില്‍ മികച്ച വളര്‍ച്ച ദൃശ്യമാകുമ്പോഴും അബൂദബിയിലെ ഓഫിസ് ലീസിങ് ഇടപാടുകളില്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ആകെ 23616 ഓഫിസ് പാട്ടക്കരാറുകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഇതില്‍നിന്ന് വേറിട്ടുനിന്ന് അല്‍ റീം ഐലന്‍ഡ് ഓഫിസ് ഇടപാടുകളില്‍ 148 ശതമാനത്തിലധികം ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. 2026 മുതല്‍ 2028 വരെയുള്ള വര്‍ഷങ്ങളില്‍ 428000 ചതുരശ്ര മീറ്റര്‍ പുതിയ ഓഫിസ് സ്‌പേസ് വിപണിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഓഫിസ് മേഖലയില്‍ താല്‍ക്കാലിക മന്ദഗതിയുടെ ലക്ഷണങ്ങളുണ്ടെങ്കിലും ഗ്രേഡ്-എ ഓഫിസ് സ്‌പേസുകള്‍ക്ക് വിപണിയില്‍ ഇപ്പോഴും വലിയ ക്ഷാമമുണ്ട്. നിലവിലെ ഓഫിസ് ഒക്യുപന്‍സി നിരക്ക് 98 ശതമാനത്തോളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

