ഇ-സ്‌കൂട്ടര്‍ ഉപയോഗത്തില്‍ ജാഗ്രത വേണം; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: ഇലക്ട്രിക് സ്‌കൂട്ടറുകളും ഇ-സൈക്കിളുകളും ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിയമാനുസൃതമല്ലാത്ത ഇടങ്ങളില്‍ ഇവ ഉപയോഗിക്കുന്നത് ഗുരുതര അപകടങ്ങള്‍ക്കിടയാക്കുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അബൂദബി പൊലീസ് ജനറല്‍ കമാന്‍ഡും മോണിറ്ററിങ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററും സംയുക്തമായാണ് വ്യക്തിഗത യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡുകളിലോ കാല്‍നടയാത്രക്കാര്‍ നിറഞ്ഞ പൊതുസ്ഥലങ്ങളിലോ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കരുത്. ഇവക്കായി നിശ്ചയിച്ചിട്ടുള്ള ട്രാക്കുകളില്‍ മാത്രമായിരിക്കണം യാത്ര. ഹെല്‍മെറ്റ്, കൈമുട്ടുകള്‍ക്കും കാല്‍മുട്ടുകള്‍ക്കുമുള്ള പാഡുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കേണ്ടത് നിര്‍ബന്ധമാണ്. കുട്ടികള്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയും മേല്‍നോട്ടവും ഉണ്ടായിരിക്കണം.
അവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. സ്മാര്‍ട്ട് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സുരക്ഷിതമായ യാത്രാ സാഹചര്യമൊരുക്കാനുമായി എല്ലാവരും ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

