അശ്രദ്ധമായ ഇ-സ്കൂട്ടർ യാത്ര; മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി പൊലീസ് പങ്കുവെച്ച ഇ-സ്കൂട്ടറിന്റെ അശ്രദ്ധമായ ഡ്രൈവിങ് വിഡിയോ ചിത്രം
അബൂദബി: തിരക്കേറിയ റോഡുകളില്‍ അശ്രദ്ധമായി ഇലക്ട്രിക് സ്കൂട്ടറുകള് ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്കിടയമാക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്.
അധിവേഗ പാതയിൽ അശ്രദ്ധമായി ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഗതാഗത ബോധവത്കരണ കാമ്പയിന്റെ ഭാഗമായാണ് പൊലീസ് വിഡിയോ പുറത്തുവിട്ടത്.
തിരക്കേറിയ കവലയില്‍ മൂന്ന് യുവാക്കള്‍ അശ്രദ്ധമായും അപകടകരമായ രീതിയിലും ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കുന്നതും വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതും തലനാരിഴക്ക് വാഹനവുമായുള്ള കൂട്ടിയിടിയില്‍ നിന്ന് ഒഴിവാകുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുവേണം ഇലക്ട്രിക് സ്കൂട്ടറുകള് ഉപയോഗിക്കേണ്ടതെന്നും ഇതിനായി നീക്കിവെച്ചിട്ടുള്ള പാതകളിലും അനുവദനീയമായ ഇടങ്ങളിലും മാത്രമാവണം ഇവ ഉപയോഗിക്കാനെന്നും അധികൃതര്‍ നിർദേശിച്ചു. നിരുത്തരവാദപരമായ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരെക്കൂടി അപകടത്തില്‍പ്പെടുത്തുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ഇത്തരക്കാർക്കെതിരെ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നതുൾപ്പെടെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

