അലക്ഷ്യമായ ഡ്രൈവിങ്; അപകട ദൃശ്യം പങ്കുവെച്ച് പൊലീസ്
text_fieldsപൊടുന്നനെയുള്ള ലൈന്‍മാറ്റം മൂലമുണ്ടായ വാഹനത്തിന്റെ കൂട്ടിയിടിയുടെ വിഡിയോ ദൃശ്യം
അബൂദബി: അലക്ഷ്യമായ ഡ്രൈവിങ്ങും പൊടുന്നനെയുള്ള ലൈൻ മാറ്റവും മൂലമുണ്ടായ കൂട്ടിയിടിയും തുടർന്ന് വാഹനം മറിയുന്നതിന്റെയും വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. ഇടത്തേ അറ്റത്തെ ലൈനിലൂടെ പോവുകയായിരുന്ന കാര്‍ അതിവേഗം ലൈൻ മാറുകയും മുന്നില്‍ പോയ വാഹനത്തെ മറികടന്ന് വീണ്ടും പഴയ ലൈനിലേക്ക് തിരിച്ചുകയറാനും നടത്തിയ ശ്രമത്തില്‍ മറ്റൊരു വാഹനത്തെ തട്ടി മറിയുന്നതാണ് വിഡിയോയില്‍ കാണുന്നത്.
ഇടത്തേ അറ്റത്തെ റോഡ് ബാരിക്കേഡിൽ തട്ടിയാണ് കാര്‍ മറിയുന്നത്. അതേസമയം ഈ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ മറ്റൊരു വാഹനം തലനാരിഴക്കാണ് മറ്റൊരു കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെട്ടത്.
മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും യാത്രികരുടെയും ജീവൻ അപകടത്തിലാക്കുന്ന വിധത്തില്‍ വാഹനമോടിക്കുന്നത് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുന്നതിനും ഇടയാക്കുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
പിടിച്ചെടുക്കുന്ന വാഹനം വിട്ടുനല്‍കുന്നതിന് 50,000 ദിര്‍ഹമാണ് പിഴ കെട്ടേണ്ടത്. മൂന്നുമാസത്തിനുള്ളില്‍ ഈ തുക കെട്ടിയില്ലെങ്കിൽ വാഹനം പരസ്യമായി ലേലം ചെയ്യും.
അപകടങ്ങള്‍ക്ക് പ്രധാന കാരണമാവുന്ന പൊടുന്നനെയുള്ള ലൈന്മാറ്റവും ഇതര വാഹനങ്ങളില്‍നിന്ന് മതിയായ അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

