അഡിഹെക്‌സില്‍ സുരക്ഷാ അഭ്യാസ പ്രകടനങ്ങളുമായി അബൂദബി പൊലീസ്
text_fieldsഅഡിഹെക്‌സിൽ അബൂദബി പൊലീസിന്‍റെ അഭ്യാസ പ്രകടനം
അബൂദബി: അബൂദബി അന്താരാഷ്ട്ര വേട്ടയാടല്‍, കുതിരപ്പന്തയ പ്രദര്‍ശന വേദിയില്‍ (അഡിഹെക്‌സ് - 2026) വേറിട്ട സുരക്ഷാ അഭ്യാസ പ്രകടനങ്ങളുമായി അബൂദബി പൊലീസ്. അടിയന്തര ഘട്ടങ്ങളില്‍ പൊലീസ് സംഘങ്ങള്‍ എങ്ങനെ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും സുരക്ഷാ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ എങ്ങനെ പെരുമാറണമെന്നും വിശദീകരിക്കുന്ന തത്സമയ പ്രവര്‍ത്തനങ്ങളാണ് അഡ്‌നെക് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്.
ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ്, മൗണ്ടഡ് പട്രോള്‍സ് (കുതിരപ്പട), സെക്യൂരിറ്റി ഇന്‍സ്‌പെക്ഷന്‍ വിഭാഗം (കെ9 പൊലീസ് നായ്ക്കള്‍), ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, അബൂദബി പൊലീസ് ഏവിയേഷന്‍ (ഹെലികോപ്റ്റര്‍ വിഭാഗം) എന്നീ വിവിധ ഡിപാര്‍ട്ട്മെന്‍റുകള്‍ സംയുക്തമായാണ് അഭ്യാസങ്ങള്‍ നടത്തുന്നത്. ഒരു സുരക്ഷാ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മുതല്‍ സംഭവസ്ഥലം സുരക്ഷിതമാക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതും വരെയുള്ള ഘട്ടങ്ങള്‍ തത്സമയം കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. അടിയന്തര ഘട്ടങ്ങളിലെ ദ്രുത പ്രതികരണ രീതികള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.
ഫീല്‍ഡ് ഓപറേഷനുകളില്‍ അബൂദബി പൊലീസ് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും സന്ദര്‍ശകര്‍ക്ക് അടുത്തറിയാം. പരമ്പരാഗത ബോധവല്‍ക്കരണ രീതികള്‍ക്ക് പകരം, പൊലീസ് നടപടിക്രമങ്ങള്‍ നേരിട്ട് കണ്ടുമനസ്സിലാക്കാനും പ്രതിരോധ സുരക്ഷാ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ ആറുവരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ തുടരുന്ന അഡിഹെക്‌സിലെ അബൂദബി പൊലീസ് പവലിയന്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

