ഡ്രൈവിങ്ങിൽ മൊബൈല്‍ ഫോണ്‍ ഉപയോഗം; മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsഅബുദാബി പൊലീസ് പുറത്തുവിട്ട അപകടദൃശ്യം
അബൂദബി: ഇടറോഡുകളുള്ള കവലകളിലും സിഗ്നലുകള്‍ ഉള്ള നാല്ക്കവലുകളിലുമൊക്കെ എത്തുമ്പോള്‍ ഡ്രൈവിങ്ങിലെ ശ്രദ്ധ തിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം അടക്കമുള്ള കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ്. മോണിട്ടറിങ് ആന്‍ഡ് കണ്ട്രോള് സെന്ററുമായി സഹകരിച്ചാണ് അബൂദബി പൊലീസ് ഇതുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുന്നത്. ശ്രദ്ധയില്ലായ്മയും മറ്റു ചിന്തകളില്‍ മുഴുകുന്നതും മൂലം വാഹനങ്ങള്‍ പെട്ടെന്ന് ലെയിന്മാറ്റേണ്ടിവരികയും ഇതു കൂട്ടിയിടിയിലേക്ക് നയിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയും അധികൃതര്‍ ബോധവത്കരണ ഭാഗമായി പങ്കുവച്ചു.
ഡ്രൈവിങ്ങിനിടെ ഫോണില്‍ ഇന്റര്‍നെറ്റില്‍ തിരയുന്നതും സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഫോണ്‍ ചെയ്യുന്നതും അല്ലെങ്കില്‍ ഫോട്ടോകള്‍ എടുക്കുന്നതുമൊക്കെയാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡ്രൈവര്‍മാര്‍ സിഗ്നലുകളും കാല്‍നടയാത്രികരെയും മറ്റു വാഹനങ്ങളെയും കാണാതെ വരികയും അപകടങ്ങള്‍ക്ക് വഴിവെക്കുകയുമാണ് ചെയ്യുന്നത്.
ഡ്രൈവര്‍മാര്‍ വാഹനങ്ങളോടിക്കുമ്പോള് ജാഗ്രതയോടെ ഇരിക്കുകയും സിഗ്നലുകള്‍ പാലിക്കുകയും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും കാല്‍നടയാത്രികരെയും ചുറ്റുപാടുകളെയും സൂക്ഷ്മമായി ശ്രദ്ധിക്കുകയും വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
റെഡ് സിഗ്നല്‍ മറികടന്നാല്‍ 1000 ദിര്‍ഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് വ്യക്തമാക്കി. വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹം പിഴ അടയ്ക്കേണ്ടിവരും. വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡും ചെയ്യും. വാഹനം മോചിപ്പിക്കുന്നതിനുള്ള പണം മൂന്നുമാസത്തിനകം അടച്ചില്ലെങ്കില്‍ വാഹനം പരസ്യമായി ലേലം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

