റോഡ് സുരക്ഷാ മുന്നറിയിപ്പുമായി അബൂദബി പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: റോഡപകടങ്ങള്‍ ഒഴിവാക്കാനും ജീവന്‍ സംരക്ഷിക്കാനും ഡ്രൈവര്‍മാര്‍ വേഗപരിധി പാലിക്കണമെന്നും ഡ്രൈവിങ്ങിനിടയിലെ ശ്രദ്ധതിരിയല്‍, തൊട്ടുപിന്നാലെ വാഹനം ഓടിക്കല്‍ (ടെയില്‍ ഗേറ്റിങ്) എന്നിവ ഒഴിവാക്കണമെന്നും നിര്‍ബന്ധമായും സുരക്ഷിതമായ അകലം പാലിക്കണമെന്നും അബൂദബി പൊലീസ് ഓര്‍മിപ്പിച്ചു. ‘ഓര്‍ക്കുക, പിന്തുണക്കുക, പ്രവര്‍ത്തിക്കുക’ എന്ന പ്രമേയത്തില്‍ ആചരിക്കുന്ന ലോക റോഡപകട ഇരകളുടെ ഓര്‍മദിനത്തോട് അനുബന്ധിച്ചാണ് പൊലീസ് മുന്നറിയിപ്പും അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും അപകടങ്ങളും അത്യാഹിതങ്ങളും കുറക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി. ജീവനും സ്വത്തും സംരക്ഷിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളും സ്മാര്‍ട്ട് സംവിധാനങ്ങളും ഉപയോഗിച്ച് റോഡ് സുരക്ഷ ശക്തമാക്കും.
ജീവന്‍റെ സംരക്ഷണം ഏവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് എല്ലാവര്‍ക്കും സുരക്ഷിതമായ റോഡുകള്‍ ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണെന്നും അബൂദബി പൊലീസ് കൂട്ടിച്ചേര്‍ത്തു.

