Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടിയിടിച്ചു മറിഞ്ഞത് നിരവധി വാഹനങ്ങള്‍; റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
അശ്രദ്ധമായ ഡ്രൈവിങ് കടുത്ത അപകടമുണ്ടാക്കുമെന്ന് അധികൃതര്‍
കൂട്ടിയിടിച്ചു മറിഞ്ഞത് നിരവധി വാഹനങ്ങള്‍; റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്ന്  അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്
cancel
camera_alt

റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിയുന്നതിന്‍റെ ദൃശ്യങ്ങള്‍

അബൂദബി: വാഹനങ്ങള്‍ കൂട്ടിയിടിച്ച് റോഡില്‍ മറിയുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബൂദബി പൊലീസ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡിനു നടുവില്‍ വാഹനം നിര്‍ത്തരുതെന്നും, അശ്രദ്ധമായ ഡ്രൈവിങ് കടുത്ത അപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അധികൃതര്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ച പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യങ്ങളില്‍, അതിവേഗത്തിലെത്തിയ സെഡാന്‍ കാര്‍ പിക്ക് അപ് ട്രക്കിലേക്ക് ഇടിച്ചുകയറുകയും നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറിലിടിച്ച് മറിയുകയും ചെയ്യുന്നത് കാണാം. അപകടത്തെ തുടര്‍ന്ന് ചില വാഹനങ്ങള്‍ റോഡിനു നടുവില്‍ നിര്‍ത്തുകയും ആളുകള്‍ പുറത്തിറങ്ങി ഫോണ്‍ ഫ്‌ളാഷ് ലൈറ്റ് കാണിച്ച് വരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, തൊട്ടുപിന്നാലെ റോഡ് തടസ്സപ്പെടുത്തി കിടന്ന വാഹനങ്ങളിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറി കൂടുതല്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ഒരു വാഹനം മറിയുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

അടിയന്തര ഘട്ടങ്ങളില്‍: റോഡില്‍ അപകടനിലയുണ്ടായാല്‍ സാധ്യമെങ്കില്‍ വാഹനം അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്കോ എക്‌സിറ്റിലേക്കോ മാറ്റണം. അതിനു സാധിച്ചില്ലെങ്കില്‍ ഉടനടി 999 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം.

പിഴയും ബ്ലാക്ക് പോയന്‍റും: ന്യായമായ കാരണമില്ലാതെ റോഡിനു നടുവില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്‍റും ലഭിക്കും.

അപകടങ്ങള്‍ കണ്ടുനില്‍ക്കരുത്: അപകടസ്ഥലങ്ങളില്‍ വേഗത കുറച്ച് നോക്കിനില്‍ക്കുന്നത് ഗതാഗത തടസ്സത്തിനും കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമാകും. ഇത്തരം പ്രവൃത്തികള്‍ക്ക് 1000 ദിര്‍ഹം പിഴ ചുമത്തും.

റോഡില്‍ എപ്പോഴും പൂര്‍ണ ശ്രദ്ധ പുലര്‍ത്തണമെന്നും പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങളോട് ശരിയായ രീതിയില്‍ പ്രതികരിക്കാന്‍ ഡ്രൈവര്‍മാര്‍ സജ്ജരായിരിക്കണമെന്നും അബൂദബി പൊലീസ് നിര്‍ദേശിച്ചു.

എമിറേറ്റുകളില്‍ കടുത്ത നടപടിയും വന്‍ പിഴയും

യു.എ.ഇയില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിങ് തടയുന്നതിനുമായി വിവിധ എമിറേറ്റുകളില്‍ കര്‍ശന നിയമങ്ങളും ഉയര്‍ന്ന പിഴയുമാണ് ചുമത്തുന്നത്. ഡ്രൈവിങ്ങിനിടയിലെ അശ്രദ്ധ, വാഹനങ്ങള്‍ അനാവശ്യമായി നിര്‍ത്തല്‍, അമിതവേഗത എന്നിവ ആളുകളുടെ ജീവന് ഗുരുതരമായ ഭീഷണിയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിങ് പൂര്‍ണമായി തടയുന്നതിനുമാണ് യു.എ.ഇയിലുടനീളം ഇത്തരം കടുത്ത ശിക്ഷാനടപടികള്‍ നടപ്പാക്കുന്നത്.

വിവിധ എമിറേറ്റുകളിലെ പ്രധാന നിയമങ്ങളും പിഴ ശിക്ഷകളും

ഷാര്‍ജ (പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ഫീസ്): അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കല്‍, നിരോധിത മേഖലകളില്‍ ബൈക്ക് ഓടിക്കല്‍ തുടങ്ങിയ ലംഘനങ്ങള്‍ക്ക് വാഹനം പിടിച്ചെടുത്താല്‍ വിട്ടുകിട്ടാന്‍ 20,000 ദിര്‍ഹം അടക്കണം. ലൈസന്‍സില്ലാതെ വാഹനമോടിച്ച കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള ഫീസ് 30000 ദിര്‍ഹം ആണ്.

അബൂദബിയും ദുബൈയും: അശ്രദ്ധമായും റോഡിലുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലും വാഹനമോടിച്ചാല്‍ 50000 ദിര്‍ഹം വരെ ഉയര്‍ന്ന പിഴ ചുമത്തും.

ദുബൈയില്‍ അമിതവേഗതക്ക് 2000 ദിര്‍ഹം വരെ പിഴയും 12 ബ്ലാക്ക് പോയന്‍റും ലഭിക്കും.

റാസല്‍ഖൈമ: നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് 20000 ദിര്‍ഹം വരെ പിഴയും മൂന്നുമാസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. പിഴ തുക അടക്കാതിരിക്കുകയും 3 മാസത്തിനകം ഉടമകള്‍ വാഹനം കൈപ്പറ്റാതിരിക്കുകയും ചെയ്താല്‍ ആ വാഹനങ്ങള്‍ ലേലം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Police Issue Warning Against Stopping Vehicles
Next Story