ലഹരി വിപത്തുകളില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ആറ് നിർദേശങ്ങളുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: ലഹരി ഉപയോഗത്തിന്‍റെ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും കുടുംബബന്ധങ്ങള്‍ സുരക്ഷിതമാക്കുന്നതിനുമായി ആറ് പ്രധാന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി പോലീസ്. ലഹരിയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘുലേഖകളിലൂടെ ജനങ്ങളെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ലഹരി വസ്തുകള്‍ ഒഴിവാക്കുന്നതിനും കുട്ടികളുമായി ആരോഗ്യകരമായ ഇടപെടലുകള്‍ ഉറപ്പാക്കുന്നതിനും ബോധവല്‍ക്കരണം, തുറന്ന സംഭാഷണം, മുന്‍കരുതല്‍ എന്നിവയുടെ പ്രാധാന്യം പൊലീസ് ചൂണ്ടിക്കാട്ടി. കുട്ടികളില്‍ ലഹരി ഉപയോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകതയും അധികൃതര്‍ ഓർമിപ്പിച്ചു.
ബോധവല്‍ക്കരണവും വിദ്യാഭ്യാസവും നല്‍കുകയെന്നതാണ് ഒന്നാമത്തെ നിർദേശം. കുട്ടികളുമായി തുറന്ന സംഭാഷണങ്ങള്‍ നിലനിര്‍ത്താനാണ് രണ്ടാമത്തെ മാർഗത്തിലൂടെ ആവശ്യപ്പെടുന്നത്. കുടുംബത്തില്‍ ആരെങ്കിലും ലഹരിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് പിന്തുണയും ആശ്വാസവും നല്‍കേണ്ടതിന്‍റെ പ്രാധാന്യം മൂന്നാമത്തെ നിർദേശം വ്യക്തമാക്കുന്നു.
സ്‌നേഹത്തോടും കരുതലോടും കൂടിയുള്ള കൃത്യമായ അതിരുകള്‍ നിശ്ചയിക്കാനാണ് പിന്നീട് ആവശ്യപ്പെടുന്നത്. ഉചിതമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നല്‍കുകയെന്നതാണ് അഞ്ചാമത്തേത്. കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണയില്‍ നിരന്തരമായ സ്ഥിരത നിലനിര്‍ത്താനാണ് ആറാമത്തെ നിർദേശത്തിലൂടെ ഓർമിപ്പിക്കുന്നത്.
ലഹരി ഉപയോഗം കണ്ടെത്തുന്നത് പ്രശ്‌നം വഷളാകുന്നതു തടയാനും ചികിത്സയും രോഗമുക്തിയും ഉറപ്പാക്കാനും സഹായിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത് കുട്ടികളെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തിന്‍റെ ഭദ്രതയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണ്.
കുട്ടികളിലെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിലും ഉത്തരവാദിത്തത്തോടെ അവരെ നയിക്കുന്നതിലും കുടുംബങ്ങള്‍ക്ക് നിർണായക പങ്കാണുള്ളത്. വർധിച്ച ബോധവല്‍ക്കരണവും സമയബന്ധിതമായ ഇടപെടലുകളും വഴി ചികിത്സാ സാധ്യതകള്‍ മെച്ചപ്പെടുത്താനും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ക്ഷേമം ഉറപ്പാക്കാനും സാധിക്കുമെന്നും അബൂദബി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

