Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാലിന്യമുക്ത നഗരമാകാൻ...

മാലിന്യമുക്ത നഗരമാകാൻ വമ്പൻ പദ്ധതികളുമായി അബൂദബി

text_fields
bookmark_border
മാലിന്യമുക്ത നഗരമാകാൻ വമ്പൻ പദ്ധതികളുമായി അബൂദബി
cancel

അബൂദബി: അബൂദബിയിലെ മാലിന്യനിര്‍മാര്‍ജന രംഗത്ത് വന്‍ പരിഷ്‌കാരങ്ങളുമായി തദ്വീര്‍ ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ മാലിന്യങ്ങളുടെ 80 ശതമാനവും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ എത്തുന്നതില്‍നിന്ന് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പൂര്‍ണമായി അടച്ചുപൂട്ടുകയും അതിന് പകരം ഭൂഗര്‍ഭ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. മണ്ണും ഭൂഗര്‍ഭ ജലവും മലിനമാകുന്നത് തടയുക, ഹാനികരമായ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ കലരുന്നത് ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. പുനരുപയോഗിക്കാന്‍ സാധിക്കാത്ത ഏറ്റവും കുറഞ്ഞ അളവിലുള്ള മാലിന്യങ്ങള്‍ മാത്രമാകും ഇനിമുതല്‍ ഭൂമിക്കടിയില്‍ സംസ്‌കരിക്കുക.

അല്‍ ദഫ്റയിലെ അല്‍ ബിഹൂത്ത്, അല്‍ ഐന്‍ എന്നിവിടങ്ങളിലായി രണ്ട് സംയോജിത 'എക്കോ പാര്‍ക്കുകള്‍' സ്ഥാപിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ട എക്കോ പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം ആയിരം കോടി ദിര്‍ഹം ചിലവില്‍ നിര്‍മിക്കുന്ന അബൂദബിയിലെ 'വേസ്റ്റ് ടു എനര്‍ജി' (മാലിന്യത്തില്‍ നിന്ന് ഊര്‍ജം) പ്ലാന്റാണ്. നഗരത്തിലെ പകുതിയോളം മിക്‌സഡ് മാലിന്യങ്ങളും ഇവിടെ സംസ്‌കരിച്ച് ദേശീയ ഗ്രിഡിലേക്ക് ആവശ്യമായ വൈദ്യുതിയാക്കി മാറ്റും. ഇതിന് പുറമെ, അല്‍ ബിഹൂത്തില്‍ പ്രതിവര്‍ഷം നാലു ലക്ഷം ടണ്‍ ശേഷിയുള്ള ആധുനിക മാലിന്യ പുനരുപയോഗ കേന്ദ്രവും അല്‍ ഐനില്‍ രണ്ടാമതൊരു പ്ലാന്റും വികസിപ്പിക്കുന്നുണ്ട്. അത്യാധുനിക ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനരുപയോഗ യോഗ്യമായ മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് സാധിക്കും.

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്ന രീതിയിലാണ് എക്കോ പാര്‍ക്കുകള്‍ രൂപകൽപന ചെയ്യുന്നത്. ഈ കേന്ദ്രങ്ങള്‍ക്ക് ചുറ്റും ഈന്തപ്പനകളും മനോഹരമായ പൂന്തോട്ടങ്ങളും ജൈവവൈവിധ്യ പദ്ധതികളും തേനീച്ച വളര്‍ത്തല്‍ കേന്ദ്രങ്ങളും ഒരുക്കും.

ഇവിടെ ഉല്‍പാദിപ്പിക്കുന്ന ജൈവവളം കാര്‍ഷിക മേഖലയിലേക്ക് എത്തിക്കുന്നതിലൂടെ സുസ്ഥിരമായ കാര്‍ഷിക വ്യവസ്ഥിതി രൂപപ്പെടുത്തും. തദ്വീര്‍ ഗ്രൂപ്പിന്റെ ശേഖരണ കമ്പനിയായ 'തജ്മീഅ്' വഴി ഈ വര്‍ഷാവസാനത്തോടെ അബൂദബിയിലെ 70 ശതമാനം മാലിന്യങ്ങളും ശേഖരിക്കാനാണ് ലക്ഷ്യം. ഇതിനായി കമ്പനിയുടെ വാഹന വ്യൂഹം 100ല്‍ നിന്ന് 300 ആയി ഉയര്‍ത്തും. ജി.സി.സിയിലെ തന്നെ ഏറ്റവും ആധുനികമായ വാഹനങ്ങളായിരിക്കും ഇവ.

2026 സപ്തംബര്‍ മുതല്‍ ശഖ്ബൂത്ത് സിറ്റിയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ വീടുകളില്‍നിന്നുതന്നെ രണ്ട് ബിന്നുകളിലായി മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമാകും. നിലവില്‍ അബൂദബിയില്‍ 11 വലിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ മൂന്നെണ്ണം ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. നിലവിലുള്ള പല കേന്ദ്രങ്ങളും വലിയ മാലിന്യ മലകളായി മാറിയിരിക്കുകയാണെന്നും, അല്‍ ബിഹൂത്തില്‍ മാത്രം 90 മീറ്റര്‍ ഉയരത്തില്‍ മാലിന്യക്കൂമ്പാരമുണ്ടെന്നും തദ്വീര്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എറ്റിയെന്‍ പെറ്റിറ്റ് വ്യക്തമാക്കി. പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മാലിന്യ മലകള്‍ ഇല്ലാതാവുകയും സംസ്‌കരണം പൂര്‍ണമായും ഭൂഗര്‍ഭ സംവിധാനത്തിലേക്ക് മാറുകയും ചെയ്യും.

എക്കോ പാര്‍ക്കുകളിലേക്ക് മാലിന്യങ്ങള്‍ നേരിട്ട് എത്തിക്കുന്നതിലൂടെ ലോറികളുടെ സര്‍വീസും ഇന്ധന ഉപയോഗവും കുറക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി നിയന്ത്രിക്കാനും സാധിക്കും. പൊതുജനങ്ങള്‍ വീടുകളില്‍നിന്ന് മാലിന്യങ്ങള്‍ തരംതിരിച്ച് നല്‍കുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടത് പദ്ധതിയുടെ വിജയത്തിന് അത്യാവശ്യമാണെന്നും മാലിന്യങ്ങളെ വെറും പാഴ്‌വസ്തുക്കളായല്ല, മറിച്ച് പുനരുപയോഗ വിഭവങ്ങളായി കാണാന്‍ സമൂഹം തയാറാകണമെന്നും എറ്റിയെന്‍ പെറ്റിറ്റ് കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Abu Dhabi plans mega projects to become a waste-free city
Next Story