സന്ദർശകർക്ക് ഓഫറുകളുമായി ‘അബൂദബി പാസ്’
text_fieldsഅബൂദബി: എമിറേറ്റിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ഇളവ് ലഭിക്കുന്ന പുതിയ ‘അബൂദബി പാസ്’ പുറത്തിറക്കി. അബൂദബിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിൽ 40 ശതമാനം വരെ ഇളവോടു കൂടി സന്ദര്‍ശിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇതുവഴി അവസരം ലഭിക്കും. സിം കാര്‍ഡുകള്‍, ഗതഗാതം, മറ്റ് യാത്രാസംബന്ധമായ സേവനങ്ങള്‍, വിവിധ കേന്ദ്രങ്ങളിലെ പ്രവേശനം മുതലായവക്കും ഇളവ് ലഭിക്കും. ‘എക്പീരിയന്‍സ് അബൂദബി’ ആഗോള സഞ്ചാര സംവിധാനമായ ‘എലൈക്കു’മായി സഹകരിച്ചാണ് പാസ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്മാര്‍ട്ട് പാക്കേജ്, ക്ലാസിക് പാക്കേജ്, എക്‌സ്‌പ്ലോറര്‍ പാക്കേജ് എന്നിങ്ങനെ മൂന്ന് തരം പാസുകളാണ് അനുവദിക്കുന്നത്. ലൂവർ അബൂദബി, ഖസര്‍ അൽ ഹുസ്ന്, സര്‍ക്യൂട്ട് എക്‌സിലെ ബി.എം.എക്‌സ് പാര്‍ക്, ഡെസേര്‍ട്ട് സഫാരി തുടങ്ങി അബൂദബിയെ കണ്ടറിയാനുള്ള അവസരമാണ് പാസിലൂടെ ഒരുക്കിയിരിക്കുന്നത്. 114 ദിര്‍ഹം മുതലാണ് സ്മാര്‍ട്ട് പാക്കേജ് പാസിന്റെ നിരക്ക്. ഏഴ് കേന്ദ്രങ്ങളില്‍ രണ്ടുമുതല്‍ മൂന്നു ദിവസം വരെ സന്ദര്‍ശിക്കാന്‍ കഴിയുന്നതാണ് ഈ പാസ്. 30 ശതമാനം വരെ ഇളവ് ഈ പാസിലൂടെ ലഭിക്കും. ഹോട്ടല്‍ ബുക്കിങ്ങിന് 5 ശതമാനം നിരക്കിളവും പാസില്‍ ലഭ്യമാണ്.
371 ദിര്‍ഹം മുതലാണ് ക്ലാസിക് പാക്കേജ് തുടങ്ങുന്നത്. നാലു മുതല്‍ ആറു ദിവസം വരെ പാസ് ഉപയോഗിക്കാം. 16 കേന്ദ്രങ്ങളില്‍ 35 ശതമാനം ഇളവ് ലഭിക്കും. ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്ക് 7 ശതമാനമാണ് നിരക്കിളവ് ലഭിക്കും. എക്‌സ്‌പോളര്‍ പാക്കേജ് 488 ദിര്‍ഹം മുതലാണ് തുടങ്ങുന്നത്. ഏഴുമുതല്‍ 10 ദിവസം വരെ കാലയളവുണ്ടിതിന്. 19 കേന്ദ്രങ്ങളില്‍ 40 ശതമാനം വരെ പ്രവേശന നിരക്കിളവും ലഭിക്കും. ഹോട്ടല്‍ ബുക്കിങ്ങിന് 10 ശതമാനത്തിന്റെ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

