സുരക്ഷിത നഗരങ്ങളിൽ വീണ്ടും അബൂദബി ഒന്നാമത്
text_fieldsഅബൂദബി: സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി അബൂദബി. നംബിയോ സുരക്ഷാ സൂചിക 2025ലാണ് അബൂദബി തുടർച്ചയായ ഒമ്പതാം വര്‍ഷവും ഒന്നാമതെത്തുന്നത്. 88.4 പോയിന്റാണ് അബൂദബി നേടിയത്. ദേശീയ സുരക്ഷാ കൗണ്‍സില്‍ പോലുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ ശ്രമഫലമായാണ് തലസ്ഥാന നഗരി ഈ നേട്ടം കൊയ്യുന്നത്.
കുറ്റകൃത്യ നിയന്ത്രണം മാത്രമല്ല, വ്യവസായ, വാണിജ്യ, താമസ കേന്ദ്രങ്ങളില്‍ മുന്‍കരുതല്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അടുത്തിടെ സുരക്ഷാ പട്രോളും ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ 10 സുരക്ഷിത നഗരങ്ങളില്‍ യു.എ.ഇയില്‍നിന്ന് അബൂദബിക്കു പുറമേ ദുബൈ, ഷാര്‍ജ എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. ഖത്തര്‍ തലസ്ഥാന നഗരമായ ദോഹയാണ് പട്ടികയില്‍ രണ്ടാമത്. 84.1 പോയന്റാണ് ദോഹക്ക് ലഭിച്ചത്.
83.8 പോയന്റോടെ ദുബൈ മൂന്നാമതും 83.8 പോയന്റോടെ തായ് വാനിലെ തായ് പേയി നാലാമതുമെത്തി. അഞ്ചാമതെത്തിയ ഷാര്‍ജക്കും 83.8 പോയന്റാണുള്ളത്. ബഹ്റൈൻ നഗരമായ മനാമയാണ് ആറാമത് (81 പോയന്റ്). ഒമാനിലെ മസ്ക്കത്ത് (80.9) ഏഴാമതും നെതര്‍ലാന്‍ഡ്സിലെ ഹേഗ്(79.5)എട്ടാമതും ജര്‍മനിയിലെ മ്യൂണിച് (79.4) ഒമ്പതാമതുമെത്തി. നോര്‍വേയിലെ ട്രോണ്‍ഡ്ഹൈം(79.3)ആണ് പട്ടികയില്‍ പത്താമതുള്ളത്. അക്രമം, പിടിച്ചുപറി, വസ്തുവകകള്‍ നശിപ്പിക്കല്‍, ശാരീരികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ കുറവോ അഭാവമോ വിലയിരുത്തിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയാറാക്കിയിട്ടുള്ളത്. പൂജ്യം മുതല്‍ 100 വരെയാണ് ഓരോന്നിനും മാര്‍ക്ക് നല്‍കുക. ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന നഗരത്തിലായിരിക്കും മെച്ചപ്പെട്ട സുരക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

