Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയില്‍ നിര്‍മാണ പെര്‍മിറ്റുകള്‍ ഇനി ഡിജിറ്റല്‍

text_fields
bookmark_border
പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
അബൂദബിയില്‍ നിര്‍മാണ പെര്‍മിറ്റുകള്‍ ഇനി ഡിജിറ്റല്‍
cancel

അബൂദബി: നിര്‍മാണ മേഖലയിലെ അനുമതി നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും സുതാര്യത ഉറപ്പുവരുത്താനുമായി അബൂദബിയില്‍ പുതിയ സംവിധാനം. അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് പെര്‍മിറ്റ്സ് സെന്‍ററാണ് (യു.പി.പി.സി) പുതിയ നിര്‍ദേശങ്ങള്‍ അടങ്ങിയ 2026ലെ സര്‍ക്കുലര്‍ നമ്പര്‍ 9 പുറപ്പെടുവിച്ചത്. അബൂദബി നഗര- ഗതാഗത വകുപ്പിന് (ഡി.എം.ടി.) കീഴിലുള്ള യു.പി.പി.സി പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, നിര്‍മാണ അനുമതികള്‍ക്കായായുള്ള പരമ്പരാഗത കടലാസ് പെര്‍മിറ്റുകള്‍ക്ക് പകരം സര്‍ട്ടിഫൈഡ് ഡിജിറ്റല്‍ റിപ്പോര്‍ട്ടുകള്‍ നിലവില്‍ വരും. നടപടിക്രമങ്ങളിലെ കാത്തിരിപ്പും ഉദ്യോഗസ്ഥ തലത്തിലുള്ള താമസവും കുറക്കുന്നതിന് പുതിയ മാറ്റം വഴി സാധിക്കും. അതേസമയം, നിര്‍മാണത്തില്‍ എന്തെങ്കിലും വീഴ്ചയോ തകരാറുകളോ സംഭവിച്ചാല്‍ അതിന്‍റെ നിയമപരമായ പൂര്‍ണ ഉത്തരവാദിത്തം കണ്‍സള്‍ട്ടന്‍റുമാര്‍ക്കും കരാറുകാര്‍ക്കും സംയുക്തമായിരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അബൂദബിയിലെ നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ എല്ലാ കെട്ടിട നിര്‍മാണ പദ്ധതികള്‍ക്കും പുതിയ നിയമാവലി ബാധകമാണ്. സ്ട്രക്ചറല്‍, ആര്‍ക്കിടെക്ചറല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് പ്രവൃത്തികളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും അംഗീകൃത പ്ലാനിനും സാങ്കേതിക മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് പ്രവൃത്തികള്‍ നടക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്റുമാരുടെ ഉത്തരവാദിത്തമാണ്. നിര്‍മാണത്തിന്‍റെ ഓരോ ഘട്ടവും കൃത്യമായി രേഖപ്പെടുത്തേണ്ട ചുമതല കരാറുകാര്‍ക്കാണ്. നിര്‍മാണത്തിലെ വീഴ്ചകള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഇരുവിഭാഗത്തിനുമായിരിക്കുമെന്നതിനാല്‍ ആര്‍ക്കും ഇനി ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ചില നിശ്ചിത പദ്ധതി വിഭാഗങ്ങള്‍ക്ക്, ഘട്ടംഘട്ടമായുള്ള പെര്‍മിറ്റുകള്‍ക്ക് പകരം ‘യൂനിഫൈഡ് പെര്‍മിറ്റിങ് സിസ്റ്റം’ വഴി സമര്‍പ്പിക്കുന്ന സര്‍ട്ടിഫൈഡ് റിപ്പോര്‍ട്ടുകള്‍ മതിയാകും. പദ്ധതിയുടെ പ്രധാന ഘട്ടങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കരാറുകാര്‍ സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്‍റിനെ ഔദ്യോഗികമായി അറിയിക്കുകയും സ്ഥിതിവിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. ഓരോ ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍, നടത്തിയ പ്രവൃത്തികള്‍, പരിശോധനാ ഫലങ്ങള്‍, ആവശ്യമായ തിരുത്തലുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഇരുവിഭാഗവും ഒപ്പുവെച്ച തീയതി രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് ഫോട്ടോ തെളിവുകള്‍ സഹിതം സമര്‍പ്പിക്കേണ്ടതുണ്ട്.

നിര്‍മാണ ഘട്ടങ്ങളിലെ ഡോക്യുമെന്‍റേഷനും അനുമതി നടപടികളും ലളിതമാക്കുന്നതോടൊപ്പം കണ്‍സള്‍ട്ടന്‍റുമാരുടെയും കരാറുകാരുടെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കാന്‍ പുതിയ സര്‍ക്കുലറിലൂടെ സാധിക്കുമെന്ന് അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് പെര്‍മിറ്റ്സ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജി. അബ്ദുല്ല മുഹമ്മദ് അല്‍ ബലൂശി വ്യക്തമാക്കി.

അതേസമയം, ഡിജിറ്റല്‍ നടപടികളിലേക്ക് മാറുന്നത് പരിശോധനകളുടെ വ്യാപ്തി കുറക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ കൃത്യതയും മാനദണ്ഡ പാലനവും ഉറപ്പുവരുത്താന്‍ നിര്‍മാണ ഘട്ടങ്ങളില്‍ മുന്നറിയിപ്പില്ലാതെയുള്ള പരിശോധനകള്‍ യു.പി.പി.സി. തുടര്‍ന്നും നടത്തും. അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ നിര്‍ബന്ധിത അനുമതികള്‍ തുടര്‍ന്നും ആവശ്യമാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളും പിഴയും നിയമപരമായ ശിക്ഷകളും ഉണ്ടാകും. നടന്നുകൊണ്ടിരിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ എല്ലാ പദ്ധതികള്‍ക്കും ഉത്തരവ് ബാധകമായതിനാല്‍, ഡെവലപ്പര്‍മാരും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും കോണ്‍ട്രാക്ടിങ് കമ്പനികളും സര്‍ക്കുലറിലെ വ്യവസ്ഥകള്‍ കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Digital Permit Rules
Next Story