അബൂദബി മോഡല്‍ സ്കൂള്‍ പ്രവേശനം തൃശങ്കുവില്‍
text_fieldsrepresentational image
അബൂദബി: സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന, അബൂദബി മുസഫ ദ മോഡല്‍ സ്കൂളിലെ പ്രവേശനകാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്) നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിനുവേണ്ടി സ്കൂള്‍ മാനേജ്മെൻറ് നല്കിയ നിർദേശത്തില്‍ അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇക്കുറി പുതുതായി കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കാനാവില്ലെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.
നിലവിലുള്ള സൗകര്യത്തില്‍ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള കുട്ടികള്‍ ഇപ്പോള്‍തന്നെ സ്കൂളില്‍ പഠിക്കുന്നുണ്ട് എന്നതും കൂടുതല്‍ കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കാനുള്ള അനുമതി ലഭിക്കാതിരിക്കാന്‍ കാരണമായിട്ടുണ്ട്.
അതേസമയം, പകരം സംവിധാനമെന്ന നിലയില്‍ അഡെക് തന്നെ നേരിട്ടോ, അല്ലെങ്കില്‍ മാനേജ്മെന്റോ കണ്ടെത്തുന്ന തരത്തില്‍ മറ്റൊരു ഇടംകൂടി തരപ്പെടുത്താമെന്ന നിലപാടും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതോടെയാണ് ഇക്കുറി കൂടുതല്‍ പ്രവേശനമുണ്ടാകാന്‍ സാധ്യതയില്ലെന്ന അഭിപ്രായത്തിലേക്ക് സ്കൂള്‍ അധികൃതരെയും എത്തിക്കുന്നത്.
ക്ലാസുകള്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ, മോഡല്‍ സ്കൂളിലേക്ക് പ്രവേശനം കാത്തിരിക്കുന്നത് നാലായിരത്തി എഴുനൂറോളം കുട്ടികളാണ്. സ്കൂളിന്റെ നിലവിലുള്ള സാഹചര്യത്തില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് അഡ്മിഷന് നല്‍കാനുള്ള അനുമതി അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പില്‍ (അഡെക്) നിന്ന് ലഭിക്കേണ്ടതുണ്ട്.
നിലവിലെ സ്ഥിതിയിൽ സാധ്യമാകുന്ന എണ്ണം കുട്ടികൾക്ക് കെ.ജി വിഭാഗത്തില്‍ മാത്രമായി അഡ്മിഷന് നല്‍കിയിരുന്നു. ഇവരുടെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാവേണ്ടതുണ്ട്. കേരള സിലബസ് പിന്തുടരുന്നതും എമിറേറ്റിലെ ഏറ്റവും ഫീസ് കുറവുള്ളതുമായ സ്കൂളാണിത്.
പല സ്കൂളുകളും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസത്തിലാണ് സി.ബി.എസ്.ഇ, കേരള സിലബസ് സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
മാര്‍ച്ചിലും അഡ്മിഷന് കിട്ടിയില്ലെങ്കില്‍ കുട്ടികളെയും കുടുംബത്തെയും നാട്ടിലേക്ക് അയക്കേണ്ടി വരുമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. മുസഫ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ ഇടങ്ങളില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കാനുള്ള പ്രധാന കാരണം കുട്ടികളുടെ വിദ്യാഭ്യാസമാണ്.
വന്‍ തുക ഫീസ് കൊടുക്കാനാവാത്തതുമൂലം മോഡല്‍ സ്കൂളില്‍ അഡ്മിഷന് കിട്ടിയാല്‍ മാത്രമേ ഇവിടെ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയൂ എന്ന സ്ഥിതിയിലാണ് അധികം രക്ഷിതാക്കളും. അതല്ലെങ്കില്‍ മാര്‍ച്ചിലെ പരീക്ഷ കഴിയുന്നതോടെ കുടുംബത്തെ നാട്ടിലേക്ക് മടക്കി അയക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

