അബൂദബി മിന തുരങ്കപാത അപകടങ്ങള്‍ കുറച്ചു
text_fieldsഅബൂദബി: 2023ല്‍ തുറന്നുകൊടുത്ത മിന തുരങ്കപാത അബൂദബിയുടെ റോഡ് ശൃംഖലയില്‍ സുപ്രധാന പുരോഗതിയായി മാറിയെന്ന് നഗര, ഗതാഗത വകുപ്പ്. പാതയെ കുറിച്ച് നടത്തിയ ആഘാത, സാധ്യത പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിലൂടെ യാത്രികര്‍ക്കും പരിസ്ഥിതിക്കും മികച്ച ഗുണഫലങ്ങളാണ് ലഭിച്ചത്.
യാത്രാസമയത്തില്‍ 40 ശതമാനം വരെ ലാഭമാണ് പാത കാരണമായുണ്ടായത്. ഇതിനു പുറമെ അപകടങ്ങള്‍ 23 ശതമാനംവരെ കുറക്കാനായി. ശൈഖ് ഖലീഫ പാലത്തിലൂടെയുള്ള ഗതാഗതത്തിരക്ക് കുറക്കാനും തുരങ്കം മൂലം സാധിച്ചു. തടസ്സമില്ലാതെ വാഹനഗതാഗതം സാധ്യമാക്കുന്നതിലൂടെ 2050ഓടെ 65,000 മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും മിന തുരങ്കത്തിനു സാധിക്കും. 30 ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മിന തുരങ്കം അബൂദബിയുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിലേക്ക് 1.66 ബില്യന്‍ ദിര്‍ഹം സംഭാവന ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അബൂദബിയുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന സുസ്ഥിര നഗര വികസനമാണ് തങ്ങളുടെ ദൗത്യമെന്ന് അബൂദബി പ്രോജക്ട്സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍ സെന്റര്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മയ്സറ മഹ്മൂദ് ഈദ് പറഞ്ഞു. അബൂദബി നഗര, ഗതാഗത വകുപ്പ് പോലുള്ള സ്ഥാപനങ്ങളുമായുള്ള നിര്‍ണായക പങ്കാളിത്തത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

