അബൂദബിയിൽ മൂന്നു മുതൽ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധം
text_fieldsദുബൈ: ഫെബ്രുവരി മൂന്നു മുതൽ അബൂദബിയിൽ വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാകും. മൂന്നിനകം വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്തില്ലെങ്കിലും 1,000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങളെ ‘താം’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യണമെന്നാണ് അബൂദബി മുനിസിപ്പാലീറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന്‍റെ നിർദേശം. എമിറേറ്റിലുടനീളമുള്ള വെറ്ററിനറി ക്ലിനിക്കുകളുമായി സഹകരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുക.
വളർത്തുമൃഗങ്ങളുമായി തൊട്ടടുത്തുള്ള വെറ്ററിനറി ക്ലിനിക്കുകൾ സന്ദർശിച്ച് ജീവനക്കാരുടെ സഹായത്തോടെ ആവശ്യമായ മെഡിക്കൽ രേഖകൾ, മൈക്രോചിപ്പ് വിവരങ്ങൾ എന്നിവ നേരിട്ട് ഗവൺമെന്‍റ് പോർട്ടലിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക ഫീസ് ഈടാക്കില്ല. എങ്കിലും യു.എ.ഇ പാസ് ആക്ടീവായിരിക്കണം. വെറ്ററിനറി കേന്ദ്രങ്ങളിൽ മൃഗങ്ങളുടെ ആരോഗ്യ പരിശോധന, മൈക്രോചിപ്പ് സ്ഥിരീകരണം എന്നിവ നടത്തിയ ശേഷമായിരിക്കും വിവരങ്ങൾ താം വഴി സമർപ്പിക്കുക. അപേക്ഷ നടപടികൾ ആരംഭിച്ചുകഴിഞ്ഞാൽ ഉടമകൾക്ക് സ്ഥിരീകരണ അറിയിപ്പ് ലഭിക്കും.
അതേസമയം, വ്യക്തികൾക്ക് വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിന് ഒരു വർഷത്തെ ഗ്രേസ് പിരീഡും അനുവദിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന ഷോപ്പുകൾ, ഷെൽട്ടറുകൾ തുടങ്ങിയവർ ആറ് മാസത്തിനകം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. വളർത്തുമൃഗങ്ങളെ നിയമപരമായി അംഗീകരിക്കുകയും സമൂഹത്തിന്‍റെ സുരക്ഷാ ചട്ടക്കൂടിൽ സംയോജിപ്പിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ ‘കുടുംബ ഇടം’ സൃഷ്ടിക്കുക എന്നതാണ് പുതിയ സംരംഭത്തിന്‍റെ ലക്ഷ്യം.
വളർത്തുമൃഗങ്ങളുടെ കേന്ദ്രീകൃതമായ വിവരങ്ങൾ സൂക്ഷിക്കുന്നതിലൂടെ അധികൃതർക്ക് മികച്ച പ്രതിരോധ കുത്തിവെപ്പുകളുടെ സമയക്രമം നിശ്ചയിക്കാനും തെരുവ് മൃഗങ്ങളുടെ വളർച്ച നിയന്ത്രിക്കാനും നഷ്ടപ്പെടുന്ന വളർത്തുമൃഗങ്ങളെ കുടുംബങ്ങളുമായി വേഗത്തിൽ ചേർത്തുവെക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

