മത്സ്യസമ്പത്ത് വർധിപ്പിക്കാൻ അബൂദബിയിൽ വൻ പദ്ധതി
text_fieldsസമുദ്ര സംരക്ഷണത്തിന്റെ ഭാഗമായി അബൂദബി പരിസ്ഥിതി ഏജൻസി നടപ്പാക്കിയ പദ്ധതികളിലൊന്ന്
അബൂദബി: മത്സ്യസമ്പത്ത് വൻതോതിൽ വർധിപ്പിക്കുകയും 2030ഓടെ ലോകത്തെ ഏറ്റവും സമ്പന്നമായ സമുദ്ര മേഖലകളിലൊന്നായി അബൂദബിയെ മാറ്റുകയും ചെയ്യാനുള്ള ലക്ഷ്യത്തോടെ അബൂദബി പരിസ്ഥിതി ഏജൻസി(ഇ.എ.ഡി) ‘ഹംദാൻ ബിൻ സായിദ്: ദി വേൾഡ്സ് റിച്ചസ്റ്റ് സീസ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചു. യു.എ.ഇ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്. 2025 അവസാനത്തോടെ സുസ്ഥിര മത്സ്യബന്ധന സൂചികയിൽ അബൂദബി 100 ശതമാനം നേട്ടം കൈവരിച്ചതായി ഏജൻസി അറിയിച്ചു. 2018ൽ വെറും എട്ടുശതമാനമായിരുന്ന സൂചികയിലെ സ്ഥാനമാണ് ശാസ്ത്രീയ ഗവേഷണം, കർശനമായ മത്സ്യബന്ധന നിയമങ്ങൾ, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയുടെ ഫലമായി മുന്നേറിയത്. സുപ്രധാന നേട്ടം സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ഗോൾസ് ഗ്ലോബൽ കൗൺസിൽ യോഗത്തിലാണ് അവതരിപ്പിച്ചത്.മത്സ്യസമ്പത്ത് വർധിപ്പിക്കുന്ന പദ്ധതിയുടെ പ്രധാന ഘടകം ഉൽപാദനക്ഷമമായ സമുദ്ര ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതാണ്. ‘അബൂദബി കോറൽ ഗാർഡൻസ്’ പദ്ധതിയുടെ ഭാഗമായി 40,000 കൃത്രിമ പവിഴപ്പുറ്റുകളുടെ തോട്ടങ്ങളും സ്ഥാപിക്കും. വിവിധ മേഖലകളുമായുള്ള സഹകരണത്തിലൂടെ 2030ഓടെ ഇത് 80,000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ഇതിലൂടെ മത്സ്യവൈവിധ്യവും സമുദ്ര ജൈവവൈവിധ്യവും വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇതിനൊപ്പം 40 ലക്ഷം കോറൽ കോളനികളുടെ പുനരധിവാസ പദ്ധതി, 2030ഓടെ 5 കോടി കണ്ടൽമരങ്ങൾ നട്ടുപിടിപ്പിക്കുന്ന അബൂദബി മാൻഗ്രൂവ് ഇനിഷ്യേറ്റീവ്, കൂടാതെ സമുദ്ര മേഖലകളുടെ നിരീക്ഷണത്തിനും ഡേറ്റ വിശകലനത്തിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് ആല് നഹ്യാന്റെ നിരന്തര പിന്തുണയിലാണ് നേട്ടം കൈവരിക്കാനായതെന്ന് അൽ ദഫ്റ മേഖലയുടെ ഭരണപ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജൻസി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. സമുദ്ര സംരക്ഷണത്തിലും ഭക്ഷ്യസുരക്ഷയിലും അബൂദബി ആഗോള മാതൃകയായി മാറുകയാണെന്നും പരിസ്ഥിതി ഏജൻസി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

