അബൂദബിയില്‍ എ.ഐ സാങ്കേതികവിദ്യ ‘റസിദ്’ വിജയകരം; മലിനജലം പരിശോധിച്ച് രോഗസാധ്യത മുന്‍കൂട്ടിയറിയാം
text_fieldsഅബൂദബി: പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന രോഗസാധ്യതകളും മറ്റ് പ്രത്യാഘാതങ്ങളും മുന്‍കൂട്ടി തിരിച്ചറിയാന്‍ അബൂദബിയില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിത മലിനജല പരിശോധന സംവിധാനം. ‘റസിദ്’ എന്ന് പേരിട്ടിരിക്കുന്ന സാങ്കേതികവിദ്യ, ജനവാസ മേഖലകളിലെ ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്തി അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കും.
അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നിക്) നടക്കുന്ന അബൂദബി അന്താരാഷ്ട്ര വേട്ടയാടല്‍, കുതിരപ്പന്തയ പ്രദര്‍ശനത്തിലാണ് (അഡിഹെക്‌സ് 2026) ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായ എം 42 ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്.
അബൂദബിയിലെ 100 കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മലിനജല സാമ്പിളുകളാണ് റസിദ് പ്ലാറ്റ്ഫോം വഴി വിശകലനം ചെയ്യുന്നത്. അബൂദബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. യു.എ.ഇയിലുടനീളമുള്ള 75000ലധികം മലിനജല സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ചു കഴിഞ്ഞു. 400ലധികം രാസ-ജൈവ സൂചകങ്ങള്‍ ഇതിലൂടെ നിരീക്ഷിക്കുന്നു.
സിംഗിള്‍ എന്‍വയോണ്‍മെന്‍റല്‍ റീഡിങ്ങിന് പകരം, ഒരു പ്രദേശത്തെ ജനസംഖ്യയെ മുഴുവന്‍ അടിസ്ഥാനമാക്കി തുടര്‍ച്ചയായി മലിനജലം നിരീക്ഷിക്കുന്നു. ശേഖരിച്ച വിവര ശേഖരം വിശകലനം ചെയ്യുകയും രോഗസാധ്യതയുടെ സ്‌കോറുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ഭാവിയിലുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും അവയുടെ ഉറവിടങ്ങളും പ്രവചിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് വഴി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും വിഭവങ്ങള്‍ കൃത്യമായി വിനിയോഗിക്കാനും അധികൃതര്‍ക്ക് സാധിക്കും.
മേഖലയിലെ തന്നെ ഏറ്റവും വലിയ വിവരശേഖരമാണ് ഈ പദ്ധതിയിലൂടെ തയാറാക്കിയിട്ടുള്ളതെന്ന് എം42 അധികൃതര്‍ വ്യക്തമാക്കി.
പരിസ്ഥിതി നിരീക്ഷണവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ റസിദ് വന്‍ വിജയമാണെന്ന് സെന്‍ട്രല്‍ ടെസ്റ്റിങ് ലബോറട്ടറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്ള ഹസന്‍ അല്‍ മുഐനി പറഞ്ഞു. അഡിഹെക്‌സില്‍ ആദ്യമായി പങ്കെടുക്കുന്ന എം42, ജീനോമിക്‌സ്, ഡിജിറ്റല്‍ ഹെല്‍ത്ത് മേഖലയിലെ തങ്ങളുടെ മറ്റ് മുന്നേറ്റങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

