നിയമിച്ചിട്ടും തൊഴിൽ നൽകിയില്ല, 1,10,400 ദിര്‍ഹം വേതനകുടിശ്ശിക നല്കാന് വിധി
text_fieldsഅബൂദബി: കമ്പനി ജോലിക്കു നിയമിച്ചെങ്കിലും തൊഴില്‍ ചെയ്യാന്‍ അനുവദിക്കാഞ്ഞതിനെ തുടർന്ന് ജീവനക്കാരന് 1,10,400 ദിര്‍ഹം വേതനകുടിശ്ശിക നല്കാന് നിര്‍ദേശം നല്കി കോടതി. അബൂദബി തൊഴില്‍ കോടതിയാണ് ജീവനക്കാരന്റെ നാലു മാസത്തെയും 18 ദിവസത്തെയും വേതനകുടിശ്ശിക കൈമാറാന്‍ തൊഴില്‍ സ്ഥാപനത്തോട് ഉത്തരവിട്ടത്. തൊഴിൽ കരാറില്‍ ഒപ്പുവെപ്പിച്ചെങ്കിലും ജോലി നല്‍കുകയോ ശമ്പളം നല്‍കുകയോ ചെയ്യാതെ വന്നതോടെ ജീവനക്കാരന് കമ്പനിക്കെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. 7,200 ദിര്‍ഹം അടിസ്ഥാന ശമ്പളമടക്കം 24000 ദിര്‍ഹം മാസ ശമ്പളം നല്‍കാമെന്ന വ്യവസ്ഥകളോടെയാണ് കമ്പനി പരാതിക്കാരനുമായി കരാറിലൊപ്പുവച്ചത്.
എന്നാല്‍ 2024 നവംബര്‍ 11 മുതല്‍ 2025 ഏപ്രില്‍ ഏഴു വരെയുള്ള കാലയളവില്‍ ജോലി നല്‍കുകയോ ശമ്പളം നല്‍കുകയോ ചെയ്തില്ല. തുടർന്ന് പരാതിക്കാരന് നിയമനടപടിയിലേക്ക് കടക്കുകയായിരുന്നു.
കമ്പനിയുടെ പ്രതിനിധി കോടതി മുമ്പാകെ ഏതാനും രേഖകള്‍ ഹാജരാക്കുകയും കേസ് വിധി പറയുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍ സമര്‍പ്പിച്ച രേഖകളില്‍നിന്ന് പരാതിക്കാരന്റെ ഭാഗത്താണ് ന്യായമെന്ന് കണ്ടെത്തിയ കോടതി വേതനകുടിശ്ശിക പരാതിക്കാരന് കൈമാറണമെന്ന് ഉത്തരവിടുകയായിരുന്നു.
ജീവനക്കാരന് ജോലിക്കു ഹാജരായിരുന്നില്ലെന്നും അവധിക്കു പോയിരുന്നുവെന്നും തൊഴിലുടമ വാദിച്ചുവെങ്കിലും കോടതി മുമ്പാകെ ഇതു തെളിയിക്കാനായില്ല.
എട്ട് ദിവസത്തെ ലീവ് താനെടുത്തതായി പരാതിക്കാരന് കോടതി മുമ്പാകെ സമ്മതിച്ചു. ഇതോടെയാണ് നാല് മാസത്തെയും 18 ദിവസത്തെയും ശമ്പളം നല്‍കണമെന്ന് കോടതി കമ്പനിക്ക് നിര്‍ദേശം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

