പ്രധാന ദൗത്യം സമാധാന സംരക്ഷണം -സാദിഖലി തങ്ങള്‍
text_fieldsഅബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
അബൂദബി: സമാധാന സംരക്ഷണവും സൗഹൃദവുമാണ് പ്രവര്‍ത്തനവീഥിയിലെ പ്രധാന അജണ്ടയെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം പരത്തുന്ന വിഷവാക്കുകളല്ല, സ്‌നേഹവും സാഹോദര്യവും പരസ്പര വിശ്വാസവുമുള്ള പ്രവര്‍ത്തനരീതിയാണ് സമൂഹത്തിന് ആവശ്യം. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ സൗഹൃദയാത്രയില്‍നിന്നു ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണ്. സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുന്നവരെ ഒറ്റപ്പെടുത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്രതവണ പരാജയപ്പെട്ടാലും സമാധാനത്തിന്‍റെ പാതയില്‍നിന്ന് വ്യതിചലിക്കുകയോ താല്‍ക്കാലിക നേട്ടത്തിനുവേണ്ടി തീവ്രചിന്താഗതിക്കാരുമായി സമരസപ്പെടുകയോ ചെയ്യുകയില്ലെന്ന നിലപാട് തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും സമാധാനത്തിന്‍റെയും ശാന്തിയുടെയും പാതയില്‍നിന്ന് പിറകോട്ട് സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവില്ല. മുസ്ലിം സമൂഹം എക്കാലവും തീവ്രവാദത്തിന് എതിരാണ്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സര്‍വരംഗങ്ങളിലും ഒളിച്ചോടേണ്ടിവരുമെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വിഭാഗം മതസ്ഥരെയും മതങ്ങള്‍ക്കുള്ളിലെ വ്യത്യസ്ത വീക്ഷണമുള്ളവരെയും ഒന്നിച്ചിരുത്താന്‍ മുസ്ലിംലീഗിന് മാത്രമേ കഴിയുകയുള്ളൂവെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. പ്രസിഡന്‍റ് ശുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിങ് പ്രസിഡന്‍റ് യു. അബ്ദുല്ല ഫാറൂഖി, സ്വാമി ആത്മദാസ് യമി, ഫാ. എല്‍ദോ എം. പോള്‍, ഫാ. ജിജോ ജോസഫ്, പ്രഫ. ഗോപിനാഥ് മുതുകാട്, ഷാജഹാന്‍ മാടമ്പാട്ട്, അബ്ദുല്‍ഹക്കീം ഫൈസി, ഹുസൈന്‍ സലഫി, സേവനം പ്രതിനിധി രാജന്‍ അമ്പലത്തറ, എം.പി.എം. റഷീദ്, ടി.കെ. അബ്ദുല്‍സലാം, സിംസാറുല്‍ ഹഖ് ഹുദവി, വിഘ്നേഷ് അങ്ങാടിപ്പുറം, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പി.കെ. അഹമ്മദ് ബല്ലാകടപ്പുറം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

