യു.എ.ഇ-ഇന്ത്യ നിക്ഷേപ സാധ്യതകളിലേക്ക് വഴി തുറന്ന് അബൂദബി ഇൻവെസ്റ്റ്മെന്‍റ് ഫോറം
text_fieldsഅബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമദ് ജാസിം അൽ സാബി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി തുടങ്ങിയവർ മുംബൈയിൽ നടന്ന അബൂദബി ഇൻവെസ്റ്റ്മെന്‍റ് ഫോറത്തിൽ
ദുബൈ: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിന്‍റെ ഭാഗമായി അബൂദബി ഇൻവെസ്റ്റ്മെന്‍റ് ഫോറം മുംബൈയിൽ നടന്നു. അബൂദബി ഇൻവെസ്റ്റ്‌മെന്‍റ് ഓഫിസും അബൂദബി സാമ്പത്തിക വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പൊതു, സ്വകാര്യ മേഖലകളില്‍നിന്നുള്ള നിരവധി മുൻനിര സ്ഥാപനങ്ങൾ ഭാഗമായി. അബൂദബിയെ ആഗോള ബിസിനസ് കേന്ദ്രമാക്കി മാറ്റുകയെന്ന അബൂദബി ഫാമിലി ബിസിനസ് കൗൺസിലിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഇൻവെസ്റ്റ്മെന്‍റ് ഫോറം.
നിരവധി ഇന്ത്യൻ കമ്പനികൾ അബൂദബിയിൽ വലിയ നിക്ഷേപങ്ങൾക്ക് സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുൽനാസർ അൽഷാലി, അബൂദബി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്കൻഡ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാമിസ് ഖൽഫാൻ അൽ ദഹേരി, അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമദ് ജാസിം അൽ സാബി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, യു.എ.ഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖർ തുടങ്ങിയവർ ഫോറത്തിൽ പങ്കെടുത്തു. അബൂദബി ഫാമിലി ബിസിനസ് കൗൺസിൽ, അബൂദബി ചേംബർ പ്രതിനിധികൾ ഉൾപ്പെടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തിൽ ഭാഗമായി.
ഗ്ലോബൽ ബിസിനസ് ഹബ്ബായി അബൂദബി മാറുകയാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി സമാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയും യു.എ.ഇയും തമ്മിൽ മികച്ച സാമ്പത്തിക സഹകരണമാണുള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് കൂടുതൽ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങൾ നൽകിവരുന്നതെന്നും കൂടുതൽ നിക്ഷേപ പദ്ധതികൾ യാഥാർഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിൽ നിക്ഷേപ പദ്ധതികൾ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും മുൻനിര കമ്പനികൾ ഒപ്പുവെച്ചു. ഭക്ഷ്യസംസ്കരണം, ഫാഷൻ, ഇലക്ട്രോണിക്സ്, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, നിർമാണ മേഖല, ഊർജം, ശുദ്ധ ഊർജം, ബയോടെക്നോളജി തുടങ്ങി വിവിധരംഗങ്ങളിൽ മികച്ച നിക്ഷേപങ്ങൾക്ക് ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

