അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
text_fieldsഅബൂദബി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്ത ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കുട്ടികളുമായി സംസാരിക്കുന്നു
അബൂദബി: 33ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. അബൂദബി അറബിക് ഭാഷ കേന്ദ്രം സംഘടിപ്പിക്കുന്ന മേള മേയ് അഞ്ചു വരെ തുടരും. 90 രാജ്യങ്ങളില്‍ നിന്നുള്ള 1350 പ്രസാധകരാണ് മേളയില്‍ സംബന്ധിക്കുന്നത്. ഇതില്‍ 140 പ്രസാധകര് ആദ്യമായാണ് മേളക്കെത്തുന്നത്. ഗ്രീസ്, ശ്രീലങ്ക, മലേഷ്യ, പാകിസ്താന്, സൈപ്രസ്, മൊസാംബിക്, കസാഖിസ്താന്‍, ഉസ്ബകിസ്താന്‍, തജിക്കിസ്താന്, തുര്ക്ക്മെനിസ്താന്, കിര്ഗിസ്താന്, ബ്രസീല്‍ എന്നീ 12 രാജ്യങ്ങള്‍ കൂടി ഇതാദ്യമായി അബൂദബി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒട്ടേറെ സാംസ്കാരിക പരിപാടികള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ള സംഘാടകര്‍ ഇത്തവണ സമഗ്രമായ ഡിജിറ്റല്‍ പേമെന്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഈജിപ്തിനെയാണ് ഇത്തവണത്തെ മേളയില്‍ വിശിഷ്ടാതിഥിയായി ആദരിക്കുന്നത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാധികാരത്തിൽ നടക്കുന്ന മേള പ്രസിഡൻഷ്യൽ കോർട്ട് ഡെ. ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അറബ് സംസ്കാരത്തിനും അറബിക് നോവലിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് പ്രഗത്ഭ സാഹിത്യകാരൻ നജീബ് മഹ്ഫൂസിനെ ഇത്തവണത്തെ ഫോക്കസ് പേഴ്സനാലിറ്റിയായി സംഘാടകര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അബൂദബി അറബിക് ലാംഗ്വേജ് സെന്റർ (എ.എൽ.സി) സംഘടിപ്പിക്കുന്ന അക്ഷരോത്സവം സാംസ്കാരിക സമൂഹത്തിലും പ്രസിദ്ധീകരണ വ്യവസായത്തിലും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജ്ഞാന സംഗമമാണ്.
പോയവർഷം 84 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1300 പ്രസാധകരാണ് മേളയിൽ എത്തിയത്. പ്രസാധകർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും പ്രസിദ്ധീകരണ, സർഗാത്മക വ്യവസായങ്ങളിലെ പുതിയ അനുഭവങ്ങൾ മനസ്സിലാക്കുവാനും പുതിയ വേദിയൊരുക്കുന്ന സാംസ്കാരിക പരിപാടിയാണ് അബുദബി പുസ്തകോത്സവം. ഒരു ആഗോള സാംസ്കാരിക കേന്ദ്രമെന്ന നിലയിലുള്ള അബൂദബിയുടെ സ്ഥാനം ഉറപ്പിക്കുകയും ഇമാറാത്തി, അറബ്, അന്തർദേശീയ പ്രസാധകരെ പിന്തുണക്കുകയും ചെയ്യുന്നതിനാണ് അക്ഷരോത്സവം മുൻതൂക്കം നൽകുന്നത്. വാടക ഫീസിൽ ഇളവ് നൽകിയതുൾപ്പെടെയുള്ള പുസ്തകമേളയിൽ ആഗോള പങ്കാളിത്തം വർധിപ്പിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

