ചൂടിലും നടത്തം മുടക്കേണ്ട; തണുപ്പിച്ച നടപ്പാതകളുമായി അബൂദബി
text_fieldsഖാലിദിയ പാര്‍ക്കിലെ 660 മീറ്റര്‍ നീളമുള്ള എയര്‍ കണ്ടീഷൻ ചെയ്ത നടപ്പാത
അബൂദബി: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടിലും ആരോഗ്യസംരക്ഷണവും കായികപരിശീലനവും മുടക്കാനില്ലെന്ന തീരുമാനത്തിലാണ് അബൂദബിയിലെ താമസക്കാര്‍. എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒരുക്കിയ ശീതീകരിച്ച നടപ്പാതകളും അത്യാധുനിക സൗകര്യങ്ങളുമാണ് വേനല്‍ക്കാലത്തും ഓട്ടവും നടപ്പും സുഖകരമാക്കാന്‍ സഹായിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ നവീകരിച്ച് തുറന്ന ഖാലിദിയ പാര്‍ക്കിലെ 660 മീറ്റര്‍ നീളമുള്ള എയര്‍ കണ്ടീഷൻ ചെയ്ത നടപ്പാതയാണ് നിലവില്‍ ജനങ്ങളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം. ചൂടുകാലം കടുത്തതോടെ നിരവധി പേരാണ് ദിനേന ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ പാര്‍ക്കിലെത്തുന്നത്.
അടച്ചിട്ട മുറികളേക്കാള്‍ തുറസ്സായ അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യുന്നതാണ് ഏറെ ആസ്വാദ്യകരമെന്ന് സ്ഥിരം നടപ്പുകാര്‍ പറയുന്നു. സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളുമായി സമയം ചെലവഴിക്കാന്‍ എത്തുന്ന കുടുംബങ്ങള്‍ക്കും ഇത് അനുഗ്രഹമായിട്ടുണ്ട്. വേനലിലും സന്തോഷകരവും മിതമായതുമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.
വേനല്‍ക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ സുഖകരമായ അന്തരീക്ഷം ഒരുക്കാനുള്ള അബൂദബിയുടെ ശ്രമങ്ങള്‍ ഇതാദ്യമല്ല. ആല്‍ നഹ്യാന്‍ ഏരിയയില്‍ രാജ്യത്തെ ആദ്യത്തെ ക്ലൈമറ്റ് കണ്‍ട്രോള്‍ഡ് ഔട്ട്‌ഡോര്‍ പാത നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷത്തോളമായി.കൂടാതെ നഗരത്തിലെ മറ്റ് ജനനിബിഡ കേന്ദ്രങ്ങളിലും മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ചൂട് കുറക്കാനായി ആഗോള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മേല്‍ക്കൂരകള്‍, മിസ്റ്റിങ് സിസ്റ്റങ്ങള്‍, 'ഗ്രീന്‍ വാളുകള്‍', ലൈറ്റ്വെയ്റ്റ് കോണ്‍ക്രീറ്റ് പാകിയ തറകള്‍, തദേശീയ വൃക്ഷത്തൈകള്‍ എന്നിവ വിന്യസിച്ച് നഗരത്തെ കുളിരണിയിക്കാനുള്ള പദ്ധതികളും കൃത്യമായി നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

