ഫോർമുല വൺ: അബൂദബി ഗ്രാൻഡ് പ്രി ഡിസംബർ മൂന്നുമുതൽ
text_fieldsയാസ് മറീന സർക്യൂട്ട്
അബൂദബി: 2026 ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് സീസണിന്‍റെ കലാശപ്പോരാട്ടമായ അബൂദബി ഗ്രാൻഡ് പ്രി ഡിസംബർ മൂന്നുമുതൽ ആറുവരെ യാസ് മറീന സർക്യൂട്ടിൽ നടക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കായികലോകം കാത്തിരിക്കുന്ന അവസാന പോരാട്ടത്തിനായുള്ള തയാറെടുപ്പുകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി ഫോർമുല വൺ പ്രസിഡന്‍റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കാലി വ്യക്തമാക്കി.
2009 മുതൽ ഫോർമുല വണിന് ആതിഥേയത്വം വഹിക്കുന്നത് അന്താരാഷ്ട്ര കായിക രംഗത്ത് അബൂദബിക്കുള്ള ആഗോള പദവിയുടെ തെളിവാണെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് അണ്ടർ സെക്രട്ടറി സൗദ് അബ്ദുൽഅസീസ് അൽ ഹൊസനി പറഞ്ഞു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും രാജ്യത്തെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് കരുത്തേകുന്നതിനും ഫോർമുല വൺ ഗ്രാൻഡ് പ്രി വലിയ പങ്കുവഹിക്കുന്നുണ്ട്.
ആവേശകരമായ മത്സരങ്ങൾക്ക് പുറമെ സംഗീത കച്ചേരികളും വിവിധ വിനോദ പരിപാടികളും ഉൾപ്പെടെ വൻ ആഘോഷങ്ങളാണ് യാസ് ഐലൻഡിൽ ആരാധകർക്കായി ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള കാണികൾക്കും ഡ്രൈവർമാർക്കും ടീമുകൾക്കും അവിസ്മരണീയമായ അനുഭവമായിരിക്കും ഇത്തവണത്തെ ഗ്രാൻഡ് പ്രി സമ്മാനിക്കുകയെന്ന് സംഘാടകരായ എതാരയുടെ സി.ഇ.ഒ സെയ്ഫ് റാശിദ് അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

