അബൂദബി സർക്കാർ സ്ഥാപനങ്ങൾ പൂർണമായും എ.ഐ യുഗത്തിലേക്ക്
text_fieldsഅബൂദബി: എല്ലാ സർക്കാർ സ്ഥാപനങ്ങളും നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിന്റെ അരികിലാണെന്ന് അബൂദബി ഗവ. എനേബിൾമെന്റ് വകുപ്പ്. ഒക്ടോബറിൽ നടക്കുന്ന ജിടെക്സ് 2025ൽ താം 4.0 പ്ലാറ്റ്ഫോം ലോഞ്ചിങ്ങിന് മുന്നോടിയായാണ് പ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും നൂതനമായ നിർമിത ബുദ്ധിയിലധിഷ്ഠിതമായ സർക്കാർ പ്ലാറ്റ്ഫോം ആയിരിക്കും താം 4.0. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പ്രോ ആക്ടിവ്, സംയോജിത സേവനങ്ങൾ താം 4.0ൽ ലഭ്യമാകും.
മെഷീൻ ലേണിങ് ഉപയോഗിച്ച് ഫലങ്ങൾ പ്രവചിക്കുകയും ഓരോ ഉപയോക്താവിനും അനുയോജ്യമായ വ്യക്തിഗത മാർഗനിർദേശം നൽകുകയും ചെയ്യുന്ന ബഹുഭാഷാ വിർച്വൽ അസിസ്റ്റൻസും പ്ലാറ്റ്ഫോം നൽകും. ഉപഭോക്താക്കളുടെ ഇടപാടുകൾ ലളിതമാകുന്നത് സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമാകും.
ലളിതവും ബുദ്ധിപരവും പ്രതികരണ ശേഷിയുള്ളതുമായ സർക്കാർ സംവിധാനം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് ചെയർമാൻ അഹ്മദ് തമീം ഹിശാം അൽ ഖുതുബ് പറഞ്ഞു. ഇതുവരെ അബൂദബിയിലെ 40ലേറെ സർക്കാർ സ്ഥാപനങ്ങളിൽ നൂറിലേറെ നിർമിത ബുദ്ധി കേസുകൾ വിന്യസിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. പൈലറ്റ് പ്രൊജക്ടുകളിൽ നിന്ന് ഇവ പൂർണതോതിലുള്ള പ്രവർത്തനത്തിലേക്ക് മാറുകയാണ്.
ആപ്ലിക്കേഷനുകളുടെയോ ഫോമുകളുടെയോ ആവശ്യമില്ലാതെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെയാവും. പതിനഞ്ചിലധികം ഭാഷകളിൽ താം 4.0 സേവനം ലഭിക്കും. പൊതുജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി വകുപ്പ് എ.ഐ മജ്ലിസ് ശിൽപശാലകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. അബൂദബിയിലെ 30,000ത്തിലധികം സർക്കാർ ജീവനക്കാരിൽ 95 ശതമാനത്തിലേറെയും ഇതിനകം എ.ഐ പരിശീലന പരിപാടികളിൽ പങ്കെടുത്തുകഴിഞ്ഞു.
2027ഓടെ ലോകത്തിലെ ആദ്യത്തെ എ.ഐ അധിഷ്ഠിത സർക്കാറായി മാറുകയെന്ന അബൂദബിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. ഇതിനായി 1300 കോടി ദിർഹമാണ് സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

