ഓഡിറ്റിങ്ങില്‍ വീഴ്ച; ലക്ഷം ഡോളര്‍ പിഴ
text_fieldsഅബൂദബി: ഓഡിറ്റിങ്ങിലെ ഗുരുതര വീഴ്ചകളെ തുടര്‍ന്ന് ഓഡിറ്റ് സ്ഥാപനത്തിനും അതിന്‍റെ രജിസ്‌ട്രേഡ് ഓഡിറ്റ് പ്രിന്‍സിപ്പലിനും ഒരു ലക്ഷം ഡോളര്‍ പിഴ ചുമത്തി അധികൃതര്‍. പി.കെ.എഫ് അക്കൗണ്ടന്റ്സ് ആന്‍ഡ് ബിസിനസ് അഡ്വൈസേഴ്സിനെതിരെയാണ് അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിലെ (എ.ഡി.ജി.എം) രജിസ്‌ട്രേഷന്‍ അതോറിറ്റി (ആര്‍.എ) കര്‍ശന നടപടി സ്വീകരിച്ചത്. ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയ ഗുരുതര വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് 100,000 യു.എസ് ഡോളര്‍ പിഴ ചുമത്തിയത്. പി.കെ.എഫിന് 65,000 ഡോളറും ഓഡിറ്റ് പ്രിന്‍സിപ്പലിന് 35,000 ഡോളറുമാണ് പിഴയിട്ടത്.
റൂള്‍സ് അനുസരിച്ചുള്ള ഓഡിറ്റിങ്ങും ജോലിയുടെ ഗുണനിലവാരവും വിലയിരുത്തുന്നതിനായി രജിസ്‌ട്രേഷന്‍ അതോറിറ്റി നടത്തിയ ഓണ്‍-സൈറ്റ് പരിശോധനയിലാണ് ഗുരുതര ലംഘനങ്ങള്‍ കണ്ടെത്തിയത്. 2023ലെ കമ്പനി റെഗുലേഷന്‍സ് റൂള്‍സ് അനുശാസിക്കുന്ന അന്താരാഷ്ട്ര ഓഡിറ്റിങ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഓഡിറ്റും റിപ്പോര്‍ട്ടും തയാറാക്കിയതും, ഓഡിറ്റ് നിര്‍വഹിക്കുന്നതില്‍ വേണ്ടത്ര കഴിവും ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്താത്തതും നിയമലംഘനങ്ങളായി ചൂണ്ടിക്കാട്ടി.
തട്ടിപ്പ് സാധ്യതകള്‍ വിലയിരുത്തുന്നതിലെ ഗുരുതര വീഴ്ചകള്‍, പര്യാപ്തമായ ഓഡിറ്റ് തെളിവുകള്‍ ശേഖരിക്കുന്നതിലെ പരാജയം, അപൂര്‍ണമായ ഓഡിറ്റ് രേഖപ്പെടുത്തലുകള്‍, ഓഡിറ്റ് പ്രക്രിയയില്‍ പ്രിന്‍സിപ്പലിന്‍റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളുടെ കുറവ് എന്നിവയും കണ്ടെത്തലുകളില്‍ ഉള്‍പ്പെടുന്നു.
ഓഡിറ്റ് ജോലികള്‍ ഏറ്റെടുക്കുമ്പോഴും കക്ഷികള്‍ക്ക് പ്രൊഫഷനല്‍ സേവനങ്ങള്‍ നല്‍കുമ്പോഴും ഓഡിറ്റർമാർ ജാഗ്രത പാലിക്കണമെന്ന് രജിസ്‌ട്രേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള ഓഡിറ്റ് ഗുണനിലവാരവും കോര്‍പ്പറേറ്റ് റിപ്പോര്‍ട്ടിങ്ങും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും, പ്രൊഫഷനല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും റെഗുലേറ്ററി ആവശ്യകതകള്‍ നിറവേറ്റാത്തവര്‍ക്കെതിരെയും ശക്തമായ നിയമനടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

