Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമസക്കാര്‍ക്ക് ആശ്വാസം; വാടക വര്‍ധന മരവിപ്പിച്ച് അബൂദബി

text_fields
bookmark_border
അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താമസ, വാണിജ്യ, വ്യവസായ മേഖലകളിലെ വാടകയില്‍ ഒരുവിധ വര്‍ധനവും പാടില്ല
താമസക്കാര്‍ക്ക് ആശ്വാസം; വാടക വര്‍ധന മരവിപ്പിച്ച് അബൂദബി
cancel

അബൂദബി: എമിറേറ്റിലെ താമസ, വാണിജ്യ, വ്യവസായ മേഖലകളിലെ കെട്ടിടങ്ങളുടെ വാടക വര്‍ധിപ്പിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു. അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്‍റര്‍ (എ.ഡി.ആര്‍.ഇ.സി.) ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വന്നു. പുതിയ കരാറുകള്‍ക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഈ നിയമം ബാധകമാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വാടകയില്‍ ഒരുവിധ വര്‍ധനയും വരുത്താന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവിലെ അബൂദബി നിയമപ്രകാരം കെട്ടിട ഉടമകള്‍ക്ക് പ്രതിവര്‍ഷം അഞ്ചുശതമാനം വരെ വാടക വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇതിനായി കരാര്‍ കാലാവധി തീരുന്നതിന് രണ്ടുമാസം മുമ്പ് വാടകക്കാരെ അറിയിക്കണമെന്നതായിരുന്നു വ്യവസ്ഥ. പുതിയ തീരുമാനത്തോടെ ഈ നിയമത്തിനാണ് താല്‍ക്കാലിക വിലക്ക് വീണിരിക്കുന്നത്.

നിലവിലുള്ള കരാറുകള്‍ പുതുക്കുമ്പോള്‍ പൂജ്യം ശതമാനം വര്‍ധന മാത്രമേ പാടുള്ളൂ. മുമ്പ് വാടകയ്ക്ക് നല്‍കിയിരുന്ന കെട്ടിടം പുതിയ ആളുകള്‍ക്ക് നല്‍കുമ്പോഴും തൊട്ടുമുമ്പത്തെ കരാറിലെ അതേ വാടക തുകയ്ക്ക് തന്നെ നല്‍കണം.

മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കാനും വിപണിയില്‍ സ്ഥിരത ഉറപ്പാക്കാനുമാണ് പുതിയ നടപടി. വാടക വര്‍ധന മരവിപ്പിച്ചത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസമാകും. ജീവിതച്ചെലവും പണപ്പെരുപ്പവും നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

അബൂദബിയില്‍ വാടകക്കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള ഔദ്യോഗിക സംവിധാനമായ 'തൗതീഖ്' വഴി മാത്രമേ കരാറുകളും പുതുക്കലുകളും അനുവദിക്കൂ. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും തൗതീഖ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

മുമ്പ് കോവിഡ് പ്രതിസന്ധി ഘട്ടത്തിലും വ്യവസായ മേഖലകളില്‍ അബൂദബി സമാനമായ രീതിയില്‍ വാടക വര്‍ധന മരവിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ പ്രാദേശികമായി ഉണ്ടായ യുദ്ധസാഹചര്യങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍, ഹോട്ടലുകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളുടെ താമസം സൗജന്യമായി നീട്ടിനല്‍കാന്‍ സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയതും ജനങ്ങളുടെ സുരക്ഷിതത്വത്തിന് അബൂദബി നല്‍കുന്ന മുന്‍ഗണനയുടെ ഭാഗമായാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമം ലംഘിച്ച് വാടക കൂട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും റിയല്‍ എസ്റ്റേറ്റ് സെന്‍റർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi freezes rent increases, bringing relief to residents
Next Story