പവിഴപ്പുറ്റ് കോളനികളുടെ സ്വപ്ന പദ്ധതിക്ക് അബൂദബി
text_fieldsഅബൂദബി: 2030ഓടെ ദശലക്ഷക്കണക്കിന് പവിഴപ്പുറ്റ് കോളനികള്‍ വളര്‍ത്തിയെടുക്കാനുള്ള സ്വപ്നപദ്ധതിയുമായി അബൂദബി. 900 ഹെക്ടറിലായി തയാറാക്കുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പുനരധിവാസ പദ്ധതിയായി മാറുമെന്ന് വാര്‍ത്ത ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാനാണ് പദ്ധതിക്ക് നിർദേശം നൽകിയത്. 2021 മുതല്‍ പത്തുലക്ഷത്തിലേറെ പവിഴപ്പുറ്റ് കോളനികള്‍ പുനഃസ്ഥാപിച്ചതിന്റെ വിജയത്തില്‍ പാഠമുള്‍ക്കൊണ്ടാണ് പുതിയ പദ്ധതി അബൂദബി നടപ്പാക്കുന്നത്.
ആദ്യപദ്ധതിയില്‍ 95 ശതമാനം അതിജീവന നിരക്ക് നേടാനായെന്ന് അധികൃതര്‍ വ്യക്തമാക്കി. പവിഴപ്പുറ്റ് പുനഃസ്ഥാപനം നടന്ന ഇടങ്ങളില്‍ മത്സ്യങ്ങളുടെയും മറ്റു നിരവധി സമുദ്ര ജീവികളുടെയും എണ്ണത്തില്‍ 50 ശതമാനം വര്‍ധന ഉണ്ടായെന്നും പരിസ്ഥിതി ഏജന്‍സിയിലെ സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സലിം അല്‍ ദാഹിരി പറഞ്ഞു.
പുനഃസ്ഥാപിച്ച പവിഴപ്പുറ്റ് കോളനികള്‍ വേനല്‍ക്കാലത്തും വളരുന്നുണ്ടെന്നും ഇത് അതികഠിന ചൂടുകാലത്തും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്യാന്‍ ശക്തമാണെന്ന് തെളിയിക്കുന്നതാണെന്നും പരിസ്ഥിതി ഏജന്‍സി ചൂണ്ടിക്കാട്ടി.
അബൂദബി പവിഴപ്പുറ്റ് ഉദ്യാനം എന്ന പേരില്‍ അബൂദബി പരിസ്ഥിതി ഏജന്‍സി മേയ് ആദ്യം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. വരുന്ന അഞ്ചുവര്‍ഷം കൊണ്ടാവും ഈ പദ്ധതി നടപ്പാക്കുക. വിവിധ മാതൃകയിലും വലുപ്പത്തിലുള്ള നാല്പതിനായിരം പരിസ്ഥിതി സൗഹൃദ പവിഴപ്പുറ്റുകള്‍ സ്ഥാപിച്ചാണ് ഈ ഉദ്യാനം സൃഷ്ടിക്കുക.
തീരങ്ങളിലും ആഴമേറിയ കടലിലുമായി 1200 ചതുരശ്ര കിലോമീറ്ററില്‍ സമുദ്രജീവികളുടെ വളര്‍ച്ചയെ പിന്തുണക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

