മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഇന്ഷുറന്സ് കമ്പനിക്ക് 1.22 ലക്ഷത്തിലേറെ ദിര്ഹം തിരികെ നല്കാന് ഉത്തരവ്
text_fieldsഅബൂദബി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുവാവ് ഇന്ഷുറന്സ് കമ്പനിക്ക് 1,22,973 ദിര്ഹം തിരികെ നല്കണമെന്ന് കോടതി ഉത്തരവിട്ടു. പൊതുമുതല് നശിപ്പിച്ചതിനും യാത്രക്കാരന് പരിക്കേറ്റതിനും ഇന്ഷുറന്സ് കമ്പനി നല്കിയ നഷ്ടപരിഹാര തുകയും ആംബുലന്സ്, വൈദ്യസഹായ ചെലവുകളുമാണ് യുവാവില് നിന്ന് ഈടാക്കാന് കോടതി വിധിച്ചത്.
വാഹനത്തിന്റെ തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് പരിരക്ഷ നല്കിയ കമ്പനിയാണ് യുവാവിനെതിരെ നിയമനടപടിയുമായി കോടതിയെ സമീപിച്ചത്. നഷ്ടപരിഹാര തുകയായ 1,22,973 ദിര്ഹത്തിന് പുറമെ കേസ് ഫയല് ചെയ്ത തീയതി മുതല് തുക പൂര്ണമായി അടച്ചുതീര്ക്കുന്നതുവരെ അഞ്ച് ശതമാനം വാര്ഷിക പലിശയും കോടതി ചെലവുകളും അഭിഭാഷക ഫീസും യുവാവ് നല്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്ന്നുണ്ടായ അപകടത്തില് പൊതുമുതല് നശിച്ച വകയില് 1,16,203 ദിര്ഹവും പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന് ആംബുലന്സ്, മെഡിക്കല് ഗതാഗത സേവനങ്ങള് നല്കിയ വകയില് 6,770 ദിര്ഹവുമാണ് ഇന്ഷുറന്സ് കമ്പനി നല്കിയത്.
ഏകീകൃത തേര്ഡ് പാര്ട്ടി ലൈബിലിറ്റി ഇന്ഷുറന്സ് പോളിസി പ്രകാരം വാഹനം തങ്ങളുടെ പക്കല് ഇന്ഷുര് ചെയ്തിട്ടുണ്ടെങ്കിലും അപകടം നടക്കുമ്പോള് ഡ്രൈവര് മദ്യപിച്ചിരുന്നതിനാല് തുക തിരികെ ലഭിക്കാന് കമ്പനിക്ക് അര്ഹതയുണ്ടെന്ന് അബൂദബി കോടതി വ്യക്തമാക്കി.
തങ്ങള് നല്കിയ തുക സംബന്ധിച്ച വ്യക്തമായ രേഖകള് ഇന്ഷുറന്സ് കമ്പനി കോടതിയില് ഹാജരാക്കിയിരുന്നു. എന്നാല്, ഈ രേഖകളെ ചോദ്യം ചെയ്യാനോ നിഷേധിക്കാനോ തക്ക തെളിവുകള് ഹാജരാക്കാന് പ്രതിക്ക് സാധിച്ചില്ല.
കൃത്യമായി സമന്സ് അയച്ചിട്ടും കേസിലെ വാദമുഖങ്ങള് കേള്ക്കുന്നതിനായി യുവാവ് കോടതിയില് ഹാജരാവുകയോ ചെയ്തില്ല. തുടര്ന്നാണ് വാദി ഭാഗത്തിന് അനുകൂലമായി കോടതി ഏകപക്ഷീയമായി വിധി പ്രസ്താവിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുവാവാണ് നഷ്ടങ്ങള്ക്ക് പൂര്ണ ഉത്തരവാദിയെന്നും അതിനാല് ഇന്ഷുറന്സ് കമ്പനിക്ക് തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തില് 1,22,973 ദിര്ഹവും കേസ് ഫയല് ചെയ്ത തീയതി മുതല് തുക അടച്ചുതീര്ക്കുന്നതുവരെ മൂന്ന് ശതമാനം വാര്ഷിക നിയമപരമായ പലിശയും കോടതി ചെലവുകളും 200 ദിര്ഹം അഭിഭാഷക ഫീസും യുവാവ് നല്കണമെന്ന് അബൂദബി കോടതി ഉത്തരവിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

