അബൂദബി പ്രഖ്യാപനം അംഗീകരിച്ചു; യു.എൻ കുറ്റകൃത്യ പ്രതിരോധ കോണ്‍ഗ്രസിന് തുടക്കം
text_fieldsയു.എൻ ക്രിമിനല്‍ പ്രതിരോധ കോണ്‍ഗ്രസിന് അബൂദബിയിൽ തുടക്കമായപ്പോൾ
അബൂദബി: ക്രിമിനല്‍ പ്രതിരോധവും നീതിന്യായ വ്യവസ്ഥയും സംബന്ധിച്ച 15-ാമത് ഐക്യരാഷ്ട്രസഭ കോണ്‍ഗ്രസിന് അബൂദബി അഡ്‌നെക് സെന്‍ററില്‍ തുടക്കമായി. ഒക്ടോബര്‍ ഒന്നുവരെ നീളുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ നീതിന്യായ മന്ത്രിയും ഫെഡറല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി അധ്യക്ഷത വഹിച്ചു. ആധുനിക കാലത്തെ ക്രിമിനൽ വെല്ലുവിളികളെ നേരിടാന്‍ നിയമപരമായ ചട്ടക്കൂടുകളുടെ സംയോജനവും അനുഭവസമ്പത്ത് കൈമാറലും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ലോകമെമ്പാടുമുള്ള 110ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഒത്തുകൂടിയത്. 40ലധികം മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ 5,100ലധികം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദഗ്ധര്‍, സ്വകാര്യ മേഖല, സിവില്‍ സമൂഹം, യുവജനങ്ങള്‍, അക്കാദമിക രംഗത്തുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ 200ലധികം പരിപാടികളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.
സമ്മേളനത്തിന്‍റെ ഭാഗമായി ചരിത്രപ്രധാനമായ ‘അബൂദബി പ്രഖ്യാപനം’ അംഗീകരിച്ചു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആഗോളതലത്തിലുള്ള കുറ്റകൃത്യ പ്രതിരോധത്തിനും നീതിന്യായ സംവിധാനങ്ങള്‍ക്കും പുതിയ ദിശാബോധം നല്‍കുന്ന റഫറന്‍സായി ഈ പ്രഖ്യാപനം മാറും. നിയമനീതിന്യായ മേഖലകളില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യു.എ.ഇ ഇതുവരെ 53 രാജ്യങ്ങളുമായി 140 സമഗ്ര കരാറുകളിലും 16 ബഹുമുഖ കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.
ജനങ്ങളുടെയും ലോകത്തിന്‍റെയും സുരക്ഷക്കും സമാധാനത്തിനും നിയമവാഴ്ചയും ക്രിമിനല്‍ നീതിവ്യവസ്ഥയും അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാടനച്ചടങ്ങില്‍ യു.എന്‍ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (യു.എന്‍.ഒ.ഡി.സി) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണിക്ക ജുമ പറഞ്ഞു. 1955ല്‍ ജനീവയില്‍ ആദ്യ കോണ്‍ഗ്രസ് നടന്ന് ഏഴ് പതിറ്റാണ്ടിന് ശേഷമാണ് അബൂദബി ഈ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

