Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകർഷക നമ്പർ പ്ലേറ്റ് വിൽപന; യുവാവിൽനിന്ന് 16,000 ദിർഹം തട്ടി, ഒടുവിൽ തിരിച്ചുനൽകാൻ കോടതി ഉത്തരവ്

text_fields
bookmark_border
ആകർഷക നമ്പർ പ്ലേറ്റ് വിൽപന; യുവാവിൽനിന്ന് 16,000 ദിർഹം തട്ടി, ഒടുവിൽ തിരിച്ചുനൽകാൻ കോടതി ഉത്തരവ്
cancel

അബൂദബി: ആകര്‍ഷകമായ വാഹന നമ്പര്‍ പ്ലേറ്റ് വില്‍ക്കാനുണ്ടെന്ന വ്യാജ പരസ്യം ഓണ്‍ലൈനില്‍ നല്‍കി യുവാവില്‍ നിന്ന് 16,000 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ പ്രതിയായ തട്ടിപ്പുകാരന്‍, തുക പൂര്‍ണമായും തിരിച്ചുനല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, ഇരയായ യുവാവിനുണ്ടായ സാമ്പത്തികവും മാനസികവുമായ നഷ്ടങ്ങള്‍ക്ക് പരിഹാരമായി 3,000 ദിര്‍ഹം നഷ്ടപരിഹാരമായും നല്‍കണം. നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിച്ച യുവാവാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതി ആകര്‍ഷകമായ വാഹന നമ്പര്‍ പ്ലേറ്റ് വില്‍പ്പനക്കുള്ള പരസ്യം പ്രചരിപ്പിച്ചത്. പരസ്യം കണ്ട് വിശ്വാസയോഗ്യമാണെന്ന് കരുതിയ പരാതിക്കാരന്‍ 16,000 ദിര്‍ഹം പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍, പണം നഷ്ടപ്പെട്ടതിന് ശേഷമാണ് വഞ്ചിക്കപ്പെട്ട വിവരം യുവാവിന് മനസ്സിലായത്. തുടര്‍ന്ന്, നഷ്ടപ്പെട്ട തുകയും കേസ് ചെലവുകളും നിയമപരമായ പലിശയും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

ഈ കേസില്‍ പ്രതിക്ക് നേരത്തെ കോടതി ഒരു വര്‍ഷത്തെ തടവും ശിക്ഷാ കാലാവധിക്കുശേഷം രാജ്യത്ത് നിന്ന് നാടുകടത്തലും വിധിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ള കാര്യം പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരാളുടെ സ്വത്ത് നിയമവിരുദ്ധമായി കൈക്കലാക്കുന്ന വ്യക്തി, അത് പിടിച്ചെടുത്ത സമയത്ത് എന്ത് അവസ്ഥയിലാണോ ആ അവസ്ഥയിലും എടുത്ത സ്ഥലത്തും തിരികെ നല്‍കണമെന്ന് കോടതി വ്യക്തമാക്കി.

ക്രിമിനല്‍ കോടതിയുടെ വിധി അന്തിമവും നിയമപരമായി നിലനില്‍ക്കുന്നതുമാണെന്നും അത് കക്ഷികളുടെ നിയമപരമായ സ്ഥിതി കൃത്യമായി സ്ഥാപിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതി കോടതിയില്‍ ഹാജരാവുകയോ പണം തിരികെ നല്‍കിയതായി തെളിവുകള്‍ ഹാജരാക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍, പരാതിക്കാരന് 16,000 ദിര്‍ഹം തിരികെ ലഭിക്കാന്‍ പൂര്‍ണ അര്‍ഹതയുണ്ടെന്ന് കോടതി കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Online Fraudster Ordered To Pay
Next Story