പൊതുവഴിയില്‍ അധിക്ഷേപം; 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധി
text_fieldsഅബൂദബി: പൊതുനിരത്തില്‍ വെച്ച് അപമാനിക്കുകയും തുപ്പുകയും ചെയ്ത സംഭവത്തില്‍ ഇരയായ വ്യക്തിക്ക് ഉണ്ടായ മാനസിക സങ്കടത്തിന് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് യുവാവിനോട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. പ്രതി തനിക്ക് ഉണ്ടാക്കിയ മാനസികവും ഭൗതികവുമായ നാശനഷ്ടങ്ങള്‍ക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരവും കേസ് ചെലവുകളും 12 ശതമാനം വാര്‍ഷിക പലിശയും ആവശ്യപ്പെട്ട് പരാതിക്കാരന് സമര്‍പ്പിച്ച ഹരജിയിലാണ് വിധി. പൊതുവഴിയില്‍ വെച്ച് പ്രതി തന്നോട് മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും തുപ്പുകയും ചെയ്തതായി പരാതിക്കാരന് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയും പ്രതിക്കെതിരെ കോടതിയുടെ ശിക്ഷാവിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സംഭവം തനിക്കും കുടുംബത്തിനും കടുത്ത ഭൗതിക-മാനസിക വിഷമമുണ്ടാക്കിയെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടി.

