അബൂദബി വാഹനാപകടം; അമ്മയുടെയും മകന്റെയും വേര്പാടില് നൊമ്പരത്തോടെ പ്രവാസി സമൂഹം
text_fieldsഅബൂദബി: തിങ്കളാഴ്ച രാത്രി സൗഹൃദ കൂട്ടായ്മയിലേക്ക് യാത്രതിരിക്കവെ ഉണ്ടായ വാഹനാപകടത്തില് അമ്മയും പതിനഞ്ചുകാരനായ മകനും മരണപ്പെട്ടതിന്റെ ആഘാതത്തില് നിന്നും നടുക്കത്തില് നിന്നും അബൂദബിയിലെ ബംഗ്ലാദേശി പ്രവാസി സമൂഹം ഇനിയും മുക്തരായിട്ടില്ല. ദുരന്തത്തില് ജീവന് പൊലിഞ്ഞ 48കാരിയായ അഷിമ ചൗധരി, മകന് അരിത്ര ബിശ്വാസ് (15) എന്നിവരുടെ വേര്പാടില് പ്രവാസി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അതീവ ദുഃഖത്തിലാണ്. അപകടത്തില് കാര് ഓടിച്ചിരുന്ന അഷിമയുടെ ഭര്ത്താവും എഞ്ചിനീയറുമായ ശ്രീസ്വരൂപ് കാന്തി ബിശ്വാസ് (59) പരിക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ അല് ഐന് റോഡില് അല് വത്ബ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. ഇവര് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില് അമിതവേഗതയിലെത്തിയ മറ്റൊരു കാര് ഇടിക്കുകയായിരുന്നു. സംഭവത്തില് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അപകടത്തില് മരണപ്പെട്ട അമ്മയുടെയും മകന്റെയും സംസ്കാര ചടങ്ങുകള് അല് ഐനിലെ ശ്മശാനത്തില് നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ഭര്ത്താവിനും, ദുബൈയിലെ സര്വകലാശാലയില് നാലാം വര്ഷ സൈക്കോളജി വിദ്യാർഥിനിയായ മകള് അനുഷുവ ബിശ്വാസിനും ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങളിലും സഹായങ്ങള് നല്കുന്നതിലും പ്രവാസി സുഹൃത്തുക്കളും മാധ്യമപ്രവര്ത്തകനായ സഞ്ജിത് കുമാര് ഷിലും സജീവമായി രംഗത്തുണ്ട്.
സന്തോഷം നിറഞ്ഞ ഒരു കുടുംബത്തിന് പെട്ടെന്നുണ്ടായ ദുരന്തം താങ്ങാന് സഹപ്രവര്ത്തകര്ക്കും പ്രിയപ്പെട്ടവര്ക്കും സാധിക്കുന്നില്ല. അരിത്ര പഠിച്ചിരുന്ന അബൂദബി ഫ്യൂച്ചര് ലീഡേഴ്സ് ഇന്റര്നാഷനല് പ്രൈവറ്റ് സ്കൂള് (ബ്രാഞ്ച് 2) സോഷ്യല് മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രിയ വിദ്യാർഥിക്കും അമ്മക്കും ആദരാഞ്ജലികള് അര്പ്പിച്ചു. അഷിമയുടെ കമ്പനിയിലെ സഹപ്രവര്ത്തകരും വിടപറച്ചിലിന്റെ നൊമ്പരം പങ്കുവെച്ചു.
സദസ്സുകളെ ഭജനകള് കൊണ്ടും പാട്ടുകള് കൊണ്ടും ധന്യമാക്കിയിരുന്ന അഷിമയുടെ വേര്പാടും, ക്രിക്കറ്റ് വിശേഷങ്ങള് പങ്കുവെച്ചിരുന്ന കൊച്ചുമിടുക്കന് അരിത്രയുടെ വേര്പാടും തങ്ങള്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് കുടുംബ സുഹൃത്തുക്കള് ഓര്ക്കുന്നു. പ്രവാസി ബംഗ്ലാദേശി സമൂഹം വലിയ രീതിയില് ആഘോഷിക്കാറുള്ള ദുർഗാ പൂജയുടെ തൊട്ടുമുമ്പുണ്ടായ സംഭവം മൂലം ഇത്തവണത്തെ ആഘോഷ പരിപാടികള് കുറച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

