അബൂദബി അപകടം: കുഞ്ഞുസഹോദരങ്ങൾക്ക് കണ്ണീർമടക്കം
text_fieldsഅപകടത്തിൽ മരിച്ച കുട്ടികൾ
ദുബൈ: കഫൻ പുടവയിൽ പൊതിഞ്ഞ് നിരനിരയായി കിടത്തിയ കുഞ്ഞു ശരീരങ്ങൾക്ക് മുമ്പിൽ പ്രവാസലോകം പ്രാർഥനാപൂർവം തേങ്ങി. കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി. അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങൾ, മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അസ്സാം(8), അയാഷ് (5) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച അസ്ർ നമസ്കാര ശേഷം ദുബൈ ഖിസൈസ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കി.
അടുത്തടുത്ത ഖബറുകളിലായാണ് കുട്ടികളെ ഖബറടക്കിയത്. ചടങ്ങുകൾക്കായി ആശുപത്രിയിൽ നിന്ന് വീൽചെയറിലെത്തിയ പിതാവിന്‍റെ സാന്നിധ്യം ബന്ധുക്കളെയും കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. സമീപകാലത്തൊന്നും പ്രവാസലോകം കണ്ടിട്ടില്ലാത്ത ദുരന്തത്തിന്‍റെ വേദനയിൽ നിരവധിപേരാണ് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയത്. അബൂദബി ആശുപത്രി മോർച്ചയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഉച്ചയോടെയാണ് ദുബൈയിൽ എത്തിച്ചത്. ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അടക്കം നിരവധിപേർ നടപടികൾ പൂർത്തിയാക്കാനും ചടങ്ങുകൾക്കും മുന്നിൽനിന്നു.
അപകടത്തിൽ പരിക്കേറ്റ അബ്ദുല്‍ ലത്തീഫിന്‍റെയും റുക്സാനയുടെയും മകൾ ഇസ്സയുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മരിച്ച കുട്ടികളെല്ലാം ദുബൈയിലെ അറബ് യൂനിറ്റി സ്കൂളിലെ വിദ്യാർഥികളായിരുന്നു. ശൈത്യകാല അവധിക്ക് ശേഷം സ്കൂൾ തുറന്ന തിങ്കളാഴ്ച പുറത്തുവന്ന വിദ്യാർഥികളുടെ മരണവാർത്ത അധ്യാപകരെയും വിദ്യാർഥികളെയും ദുഃഖത്തിലാഴ്ത്തി. കുട്ടികളുടെ ക്ലാസുകൾ സന്ദർശിച്ച് അധ്യാപകർ സഹപാഠികളെ വിവരമറിയിക്കുകയും മാനസിക പിന്തുണ നൽകുന്ന രീതിയിൽ ആശ്വസിപ്പിക്കുകയും ചെയ്തു.
വളരെ ഹൃദയഭേദകമായ സംഭവമാണുണ്ടായതെന്നും അസാധാരണമായ ദുഃഖത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയത്ത് തങ്ങളുടെ ചിന്തകളും പ്രാർഥനകളും കുടുംബത്തോടൊപ്പമുണ്ടെന്നും സ്കൂ പ്രിൻസിപ്പൾ മാർക് പോലിറ്റ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ മരിച്ച വീട്ടുജോലിക്കാരി തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയുടെ മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ഖബറടക്കി. ശനിയാഴ്ച പുലർച്ചെ നാലോടെ അബൂദബി-ദുബൈ റോഡില്‍ ഷഹാമക്ക് അടുത്താണ് അപകടമുണ്ടായത്. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

