പൂക്കളാൽ പൂത്തുലഞ്ഞ് അബൂദബി
text_fieldsഅബൂദബി ശൈഖ് സായിദ് മോസ്കിന് സമീപത്തെ പാതയോരത്ത് വിരിഞ്ഞ പൂക്കൾ
അബൂദബി: നഗര പ്രാന്തപ്രദേശങ്ങളെ പൂന്തോട്ടങ്ങളാക്കി മാറ്റി അബൂദബി. വിവിധതരത്തിലുള്ള 80 ലക്ഷം പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചതായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. നഗരമധ്യത്തിലെ പാതയുടെ വശങ്ങളിലും റൗണ്ട് എബൗട്ടുകളിലും പാലങ്ങളിലും നടപ്പാതകളിലും ഇടവഴികളിലുമെല്ലാമായാണ് നഗരസൗന്ദര്യവത്കരണ ഭാഗമായി പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചത്.
പിറ്റിയൂണിയയുടെ വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള ചെടികളും മേരിഗോള്ഡിന്റെ മഞ്ഞ, ഓറഞ്ച് നിറങ്ങളുമാണ് ചെടികളുടെ ഇനങ്ങള്‍. നഗരവികസനത്തിനൊപ്പം എമിറേറ്റിന്റെ ദൃശ്യഭംഗികൂടി കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര മീറ്ററിലായാണ് ഇവ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. പൂത്തുലഞ്ഞുനില്ക്കുന്ന ഇവ ഒരേസമയം ഏവരെയും ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയുമാണ്.
ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് വ്യത്യസ്തമായ ചെടികൾ നട്ടുപിടിപ്പിച്ചത്. അബൂദബി കോർണിഷ്, അൽ ബത്തീൻ, മുസഫ, ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, റബ്ദാൻ ഗാർഡൻ, അൽ വത്ബ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, ശൈഖ് സായിദ് ഫെസ്റ്റ് നഗരി തുടങ്ങിയ ഇടങ്ങൾ പൂക്കൾ വിരിഞ്ഞ് അലംകൃതമാണ്. അതേസമയം, പൂക്കൾ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ 500 ദിർഹമാണ് പിഴ.